കൊച്ചി: പ്രകൃതി വാതകത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യ സ്മാര്‍ട്ട് ബസ് കൊച്ചിയുടെ നിരത്തിൽ സർവീസ് തുടങ്ങി.അന്തരീക്ഷ മലിനീകരണം തടയുന്നത് ലക്ഷ്യമിട്ട് കൊച്ചി സ്മാര്‍ട്ട്ബസ് കണ്‍സോര്‍ഷ്യം ആണ് ആദ്യത്തെ പ്രകൃതി വാതക ബസ് നിരത്തിലിറക്കിയിരിക്കുന്നത്.കേരള മെട്രോപോളിറ്റന്‍ ട്രാന്‍സ് പോര്‍ട് അതോറിറ്റി സിഇഒ ജാഫര്‍ മാലിക്ക് ആദ്യ പ്രകൃതിവാതക ബസിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു. കെഎംആര്‍എല്ലുമായി ജെഡി ഐയില്‍ ഒപ്പു വെച്ച ഒരു കൂട്ടം സ്വകാര്യ ബസ് കമ്പനികളാണ് കണ്‍സോര്‍ഷ്യത്തില്‍ അംഗങ്ങളായിട്ടുള്ളത്.വൈറ്റില-വൈറ്റില പെര്‍മിറ്റിലാണ് ബസ് സര്‍വീസ് നടത്തുന്നത്.നേരത്തെ ട്രയല്‍ റണ്‍ വിജയകരമായി നടത്തിയിരുന്നു.സിഎന്‍ജി റെട്രോ ഫിറ്റ്മെന്റിന് വിധേയമാകുന്ന ബസുകളില്‍ കൊച്ചി വണ്‍കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള ടിക്കറ്റിംഗ് ഇക്കോസിസ്റ്റം,പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം,ഐ എസ് 140 വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ്,എമര്‍ജന്‍സി ബട്ടണുകള്‍,നീരീക്ഷണ കാമറകള്‍,ലൈവ് സ്ട്രീമിംഗ്, വനിതാ ടിക്കറ്റ് ചെക്കിംഗ് ഇന്‍സ്‌പെക്ടമാര്‍, വണ്‍ ഡി ഓണ്‍ലൈന്‍ ടിക്കറ്റിംഗ് ആപ്പ് എന്നീ സൗകര്യങ്ങള്‍ ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
നിക്ഷേപം കൂടുതലാണെങ്കിലും സിഎന്‍ജി ബസുകള്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ വലിയ ലാഭമുണ്ടാക്കും എന്ന് വൈറ്റില മൊബിലിറ്റി ഹബ്ബില്‍ ബസുകള്‍ ഫ്ലാഗ് ഓഫ് ചെയ്ത് കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അഥോറിട്ടി സി.ഇ.ഒ ജാഫര്‍ മാലിക് പറഞ്ഞു. നാലു ലക്ഷം രൂപയാണ് ഒരു ബസ് ഡീസല്‍ എന്‍ജിനില്‍ നിന്ന് സി.എന്‍.ജിയിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ വേണ്ടി വരുന്ന ചിലവ്.ഇന്ധന ലാഭം, അറ്റകുറ്റപ്പണികളുടെ കുറവ് എന്നിവയിലൂടെ ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ മുടക്കുമുതല്‍ തിരിച്ചു പിടിയ്ക്കാം. ഇടപ്പള്ളിയിലെ മെട്രോ ഫ്യൂവല്‍സ് എന്ന സ്ഥാപനമാണ് എന്‍ജിന്‍ പരിവര്‍ത്തനം ചെയ്തത്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ സി.എന്‍.ജി.ബസുകളുടെ എണ്ണം നൂറായി ഉയര്‍ത്തുകയാണ് ലക്ഷ്യം.വൈദ്യുതി, ഹൈഡ്രജന്‍ വാഹനങ്ങളും കൂടുതലായി നിരത്തിലിറക്കുമെന്ന് ജാഫര്‍ മാലിക് പറഞ്ഞു.ആക്സിസ് ബാങ്ക്, ഇന്‍ഫോ സൊല്യൂഷന്‍സ്, ടെക്ടോവിയ എന്നീ കമ്പനികളുടെ സഹകരണത്തിലാണ് ബസില്‍ സ്മാര്‍ട്ട് സൗകര്യം ഒരുക്കിയിട്ടുള്ളത്.