പട്ന: തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്നതിനും സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനുമായി എന്‍ഡിഎ യോഗം ഇന്ന് ബിഹാറില്‍ നടക്കും. യോഗത്തില്‍ മുഖ്യമന്ത്രിയാരെന്ന് തീരുമാനിക്കും.മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദമുന്നയിക്കില്ലെന്നും എന്‍ഡിഎ തീരുമാനിക്കട്ടെയെന്നുമാണ് നിതീഷ് കുമാറിന്റെ നിലപാട്.വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി സ്ഥാനത്തിന് നിതീഷ് കുമാര്‍ അവകാശവാദമുന്നയിക്കാത്തത്.എന്നാൽ മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാറിന് തന്നെ നല്‍കാനാണ് ബിജെപിയുടെ തീരുമാനം. പ്രധാനമന്ത്രിയടക്കം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദ മുന്നയിച്ച് ഗവര്‍ണറെ കാണല്‍, സത്യപ്രതിജ്ഞ തിയ്യതി, സമയം, മന്ത്രിപദം, സ്പീക്കര്‍ പദവി തുടങ്ങിയ ചര്‍ച്ച ചെയ്യാനാണ് എന്‍ഡിഎ യോഗം ചേരുന്നത്. ബിജെപി, ജെഡിയു, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, വികാസ് ശീല് ഇന്സാന് പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുക്കും. ദീപാവലി കഴിഞ്ഞ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് നീക്കം. ഉപമുഖ്യമന്ത്രി, ധനമന്ത്രി എന്നീ പദവികളില്‍ സുശീല്‍ മോദി തുടരും. ആഭ്യന്തരവും വിദ്യാഭ്യാസവും സ്പീക്കര്‍ പദവിയും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇത് നല്കാന് നിതീഷ് തയ്യാറല്ല. അതേസമയം, മുഖ്യമന്ത്രി പദം നല്കിയതിനാല് ജെഡിയുവിന് ആവശ്യത്തില്‍ ഉറച്ചുനില്ക്കാനാകില്ല. ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, വികാസ് ശീല് ഇന്സാന് പാര്‍ട്ടി എന്നിവര്‍ തിരഞ്ഞെടുപ്പില്‍ നാല് സീറ്റ് വീതം നേടിയിരുന്നു. ഇവരും മന്ത്രിപദം ആവശ്യപ്പെടും.എന്‍ഡിഎ യോഗത്തില്‍ മന്ത്രിപദം സംബന്ധിച്ച പ്രാഥമിക ചര്‍ച്ച നടത്തി പിന്നീട് പ്രത്യേക ചര്‍ച്ചകളിലൂടെ അന്തിമതീരുമാനത്തിലെത്താനാണ് സാധ്യത.