ബെംഗളൂരു:ബംഗളൂര് ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുളള ബിനീഷ് കോടിയേരിക്കെതിരെ കൂടുതല്‍ നീക്കങ്ങളുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. ബിനീഷിന്റെ ഡ്രൈവര്‍ അനിക്കുട്ടന് സുഹൃത്ത് എസ്.അരുണ്‍ എന്നിവരെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് ഇഡി എന്നാൽ റിപ്പോർട്ട്. ഇരുവരും ബിനീഷിന്റെ അക്കൗണ്ടില്‍ വലിയ തുക നിഷേപിച്ചിട്ടുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഇവരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. ഇന്നലെ ഇഡി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇതുളളത്.ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നടന്ന പരിശോധനയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലും കസ്റ്റഡി റിപ്പോര്‍ട്ടിലും ഗുരുതരമായ ആരോപണങ്ങളാണ് ഇഡി ബിനീഷിനെതിരെ ഉന്നയിച്ചിട്ടുളളത്. റിപ്പോര്‍ട്ടില്‍ ഡ്രൈവര്‍ അനിക്കുട്ടനും സുഹൃത്ത് അരുണും ബിനീഷിന്റെ അക്കൗണ്ടിലേക്ക് പണം നിഷേപിച്ചത് രേഖപ്പെടുത്തിയിട്ടുണ്ട്. പണത്തിന്റെ ഉറവിടം അറിയാന്‍ ഇരുവരെയും ചോദ്യം ചെയ്യണമെന്നാണ് ഇഡി വ്യക്തമാക്കുന്നത്.ബിനീഷിന്റെ സുഹൃത്ത് അനൂപും ഡെബിറ്റ് കാര്‍ഡ് വഴിയാണ് ഇടപാട് നടത്തിയിട്ടുളളത്. ഇതിന്റെ ഉറവിടം പുറത്ത് പറയാന്‍ ബിനീഷ് ഇതുവരെ തയാറായിട്ടില്ല. ബിനീഷിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ ഡിജിറ്റല്‍ തെളിവുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ചുവെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ബിനീഷിനെ പുറത്തുവിട്ടാല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയവരെ സ്വാധീനിക്കാനും രാജ്യംവിടാനും സാധ്യതയുണ്ടെന്നും, അന്വേഷണത്തോട് ബിനീഷ് സഹകരിക്കുന്നില്ല, ആരോഗ്യകാരണങ്ങള്‍പറഞ്ഞ് ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ രേഖാമൂലം അറിയിച്ചു. പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ബിനീഷിന്റെ ജാമ്യാപേക്ഷ 18ന് കോടതി പരിഗണിയ്ക്കും.