India, News

അര്‍ണാബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

keralanews supreme court granted bail for arnab goswami

ന്യുഡൽഹി:ഇന്റീരിയര്‍ ഡിസൈനറുടെ ആത്മഹത്യാ പ്രേരണാ കേസില്‍ റിപ്പബ്‌ളിക് ടി വി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.50000 രൂപ ആൾജാമ്യത്തിനും അന്വേഷണത്തോട് സഹകരിക്കണമെന്ന വ്യവസ്ഥയോടെയുമാണ് ജാമ്യം. ഉത്തരവിന്റെ പൂർണ രൂപം പിന്നീട് നൽകും. ജാമ്യ ഉത്തരവ് എത്രയും വേഗം നടപ്പാക്കണമെന്ന് കോടതി മഹാരാഷ്ട്രയിലെ റായ്ഗഡ് പൊലീസിന് നിർദേശം നൽകി. ഇടക്കാല ജാമ്യം നല്‍കണമെന്ന അര്‍ണബ് ഗോസ്വാമിയുടെ ആവശ്യം മുംബായ് ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അര്‍ണബ് സുപ്രീംകോടതിയെ സമീപിച്ചത്.50000 രൂപയുടെ ബോണ്ടില്‍ അര്‍ണബിനേയും കൂടെ അറസ്റ്റിലായ രണ്ട് പേരെയും വിട്ടയക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ജാമ്യം നല്‍കരുതെന്ന് വാദിഭാഗം അഭിഭാഷകനായ കപില്‍ സിബല്‍ വാദിച്ചെങ്കിലും സുപ്രീം കോടതി തള്ളി. അര്‍ണബിന് ഇടക്കാല ജാമ്യാപേക്ഷ നിഷേധിച്ച ബോംബൈ ഹൈക്കോടതി വിധിക്കെതിരെയും സുപ്രീം കോടതി രംഗത്തെത്തിയിരുന്നു. എഫ്.ഐ.ആറില്‍ തീര്‍പ്പു കല്‍പ്പിക്കാതിരിക്കെ ജാമ്യം അനുവദിച്ചില്ലെങ്കില്‍ അത് നീതി നിഷേധമാവുമെന്ന് കോടതി നിരീക്ഷിച്ചു.അര്‍ണാബിനും കൂട്ടുപ്രതികള്‍ക്കും വേണ്ടി ഹരീഷ് സാല്‍വെയും മഹാരാഷ്ട്ര സര്‍ക്കാറിനു വേണ്ടി കപില്‍ സിബല്‍, അമിത് ദേശായ് എന്നിവരുമാണ് വാദിച്ചത്. അര്‍ണാബിനും റിപ്പബ്ലിക് ചാനലിനും മേല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിരവധി കേസുകള്‍ ചുമത്തിയിട്ടുണ്ടെന്ന് ഹരീഷ് സാല്‍വെ കോടതിയില്‍ പറഞ്ഞു. അര്‍ണാബിനെതിരായ കേസ് സി.ബി.ഐക്ക് വിടണമെന്നും കുറ്റക്കാരനാണെങ്കില്‍ ജയിലിലടക്കാമെന്നും സാല്‍വെ വാദിച്ചു.അര്‍ണാബ് നല്‍കാനുള്ള 88 ലക്ഷമടക്കം 6.45 കോടി രൂപ ലഭിക്കാത്തിന്റെ പേരില്‍ ഒരു വ്യക്തി ആത്മഹത്യ ചെയ്ത കേസാണിതെന്നാണ് ഹരജിയെ എതിര്‍ത്തുകൊണ്ട് കപില്‍ സിബല്‍ വാദിച്ചത്. പണം നല്‍കാനുണ്ട് എന്നതുകൊണ്ടു മാത്രം ആത്മഹത്യാ പ്രേരണ ആകുമോ എന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു. ബോംബെ ഹൈക്കോടതിയുടെ 50 പേജുള്ള വിധിയില്‍ അര്‍ണാബ് ചെയ്ത കുറ്റം എന്തെന്ന് വ്യക്തമാക്കുന്നില്ലെന്നും എഫ്.ഐ.ആര്‍ ഉണ്ട് എന്നതുകൊണ്ടു മാത്രം ജാമ്യം നിഷേധിക്കുന്നത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്നതിനു തുല്യമാണെന്നും കോടതി നിരീക്ഷിച്ചു.

Previous ArticleNext Article