ഡല്‍ഹി: രാജ്യത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ഒടിടി വീഡിയോ പ്ലാറ്റ്‌ഫോമുകള്‍ക്കും മേല്‍ കേന്ദ്രസര്‍ക്കാർ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നു.ഇവയെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിലാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമനിര്‍മാണ നടപടികള്‍ നേരത്തെ തുടങ്ങിയിരുന്നു. വിവരസാങ്കേതിക വകുപ്പിന്റെ പാര്‍ലമെന്‍ററി സമിതി നിയമനിര്‍മാണത്തിനായി 21 വിഷയങ്ങളാണ് പരിഗണിച്ചത്.മാധ്യമങ്ങളുടെ ധാര്‍മികതയെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ ഒരു കമ്മിറ്റി ആദ്യമായാണ് ചര്‍ച്ച നടത്തുന്നത്. ശശി തരൂരാണ് വിവരസാങ്കേതിക വകുപ്പിന്റെ പാര്‍ലമെന്‍ററി സമിതി അധ്യക്ഷന്‍.ആമസോണ്‍ പ്രൈം, നെറ്റ് ഫ്‌ലിക്‌സ് ഉള്‍പ്പെടെയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും ന്യൂസ് പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം വരും. സിനിമകള്‍, ഓഡിയോ വിഷ്വല്‍ പരിപാടികള്‍, വാര്‍ത്ത, വാര്‍ത്താധിഷ്ഠിത പരിപാടികള്‍ എന്നിവയെ മന്ത്രാലയത്തിന്റെ കീഴില്‍ കൊണ്ടുവരുന്നതാണ് ഉത്തരവ്.നിലവില്‍ ഒടിടി പ്ലാറ്റ് ഫോമില്‍ വരുന്ന ഉള്ളടക്കത്തിന് സെന്‍സറിങ് ഉള്‍പ്പെടെ ഒരു വിധത്തിലുള്ള നിയന്ത്രണങ്ങളും ബാധകമല്ല. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകള്‍ക്കു മേലും മറ്റു വാര്‍ത്താ മാധ്യമങ്ങള്‍ക്കുള്ളതുപോലെ സര്‍ക്കാര്‍ നിയന്ത്രണമില്ല. ഇതിനെതിരെ വ്യാപകമായ ആക്ഷേപങ്ങളും പരാതികളും ഉയര്‍ന്നിരുന്നു.