തിരുവനന്തപുരം:എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡിനിടെ ബിനീഷ് കോടിയേരിയുടെ മകളുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടിട്ടില്ലെന്ന് ബാലാവകാശ കമ്മീഷന്. ഈ വിഷയത്തില്‍ ഇഡിക്കെതിരെ തുടര്‍നടപടികള്‍ ഇല്ലെന്നും കമ്മീഷന് വ്യക്തമാക്കി. കുട്ടിയുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടിട്ടില്ലെന്നും പരാതി സംബന്ധിച്ച കാര്യങ്ങള്‍ അന്ന് തന്നെ തീര്‍പ്പാക്കിയതാണെന്നും ബാലാവകാശ കമ്മീഷന് അംഗം കെ നസീര്‍ പറഞ്ഞു.ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്തതിനു പിന്നാലെ ഉദ്യോഗസ്ഥര്‍ വീട് റെയ്ഡ് ചെയ്യാനെത്തിയിരുന്നു. ബിനീഷിന്റെ ഭാര്യയും കുഞ്ഞും ഭാര്യാമാതാവുമാണ് അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. നിരവധി മണിക്കൂറുകള്‍ നീണ്ടു നിന്ന റെയ്ഡ് കടുത്ത മാനസികസമ്മര്‍ദ്ദമുണ്ടാക്കിയെന്നും രണ്ടരവയസ്സുള്ള കുഞ്ഞിന് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു.ബിനീഷ് കോടിയേരിയുടെ ഭാര്യ പിതാവ് ബാലാവകാശ കമ്മീഷന് പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന്, ഉടന്‍ തന്നെ ബാലാവകാശ കമ്മീഷന് അംഗങ്ങൾ വീട്ടിലെത്തി ഇവരെ സന്ദര്‍ശിച്ചിരുന്നു. ഇത് വലിയ വിവാദമാകുകയും ചെയ്തു. ബാലാവകാശ കമ്മീഷന്റേത് പക്ഷപാതപരമായ നിലപാട് ആണെന്നും വിമര്‍ശനം ഉയര്‍ന്നു. ഇതിനെല്ലാം ഒടുവിലാണ്, ഇനി തുടര്‍നടപടിയില്ലെന്ന് ബാലാവകാശ കമ്മീഷന് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.പരാതി അന്ന് തന്നെ തീര്‍പ്പാക്കിയെന്നാണ് കമ്മീഷന്റെ വിശദീകരണം. ബിനീഷ് കോടിയേരിയുടെ മകളെ നിയമവിരുദ്ധമായി തടവില്‍ വെച്ചെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെതിരെ കേസ് എടുക്കാന്‍ ബാലാവകാശ കമ്മീഷന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.കേസ് എടുക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്കിയ ബാലാവകാശ കമ്മീഷന് കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിരുന്നു.എന്നാല്‍, കോടതിയുടെ സെര്‍ച്ച് വാറന്റോടെ ബിനീഷ് കോടിയേരിയുടെ വീട് പരിശോധിച്ച ഇഡിയ്ക്കെതിരെ നടപടിയുമായി മന്പോട്ട് പോയാല്‍ അത് ബാലാവകാശ കമ്മീഷന് കുരുക്കാകുമെന്ന വിലയിരുത്തലിലാണ് നടപടിയില്‍ നിന്ന് പിന്മാറാന് ബാലാവകാശ കമ്മീഷന് തീരുമാനിച്ചത്.