Kerala, News

ഒന്നരവയസ്സുകാരനെ കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ്;രണ്ടാംപ്രതി നല്‍കിയ പുനരന്വേഷണ ഹരജി കോടതി തള്ളി

keralanews case of one and a half year old boy killed by thrown into a sea wall re investigation petion of second accused rejected

കണ്ണൂര്‍: കണ്ണൂര്‍ സിറ്റി തയ്യിലില്‍ ഒന്നര വയസ്സുകാരനെ മാതാവ് കടല്‍ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് രണ്ടാംപ്രതി നല്‍കിയ ഹരജി കോടതി തള്ളി. കുഞ്ഞിന്റെ മാതാവായ ശരണ്യയുടെ കാമുകന്‍ വലിയന്നൂര്‍ സ്വദേശി നിതിനാണ് തന്നെ കേസിലേക്കു പൊലീസ് മനഃപൂര്‍വം വലിച്ചിഴച്ചതാണെന്ന വാദമുയര്‍ത്തി പുനരന്വേഷണത്തിനായി ഹരജി നല്‍കിയത്.ഈ ഹരജിയാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് തള്ളിയത്.കേസിലെ 27 ആം സാക്ഷിയാണ് ശരണ്യയുടെ യഥാര്‍ഥ കാമുകനെന്നും ഇടക്കിടെ മൊഴിമാറ്റുന്ന ശരണ്യയെ പോളിഗ്രാഫോ നാര്‍ക്കോ അനാലിസിസോ പോലുള്ള ശാസ്ത്രീയ വിശകലനത്തിനു വിധേയമാക്കണമെന്നും ആവശ്യപ്പെട്ടാണ് നിതിന്‍ ഹരജി നല്‍കിയത്. എന്നാല്‍, കേസില്‍ പ്രതിക്കുമേലുള്ള കുറ്റപത്രം നിലനില്‍ക്കുന്നതാണെന്ന് നിരീക്ഷിച്ച്‌ ഹരജി കോടതി തള്ളുകയായിരുന്നു.2020 ഫെബ്രുവരി 17നാണ് തയ്യില്‍ കടപ്പുറത്ത് വീടിനു സമീപത്തെ കടല്‍തീരത്ത് പാറക്കെട്ടുകള്‍ക്കിടയില്‍ ശരണ്യയുടെ മകന്‍ വിയാന്റെ മൃതദേഹം കണ്ടെത്തിയത്. അച്ഛനൊപ്പം ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ ശരണ്യ പാതിരാത്രി എടുത്തുകൊണ്ടുപോയി തൊട്ടടുത്ത കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്. മകനെ കൊന്ന് കൊലക്കുറ്റം ഭര്‍ത്താവിനുമേല്‍ ചാരി കാമുകനൊപ്പം ജീവിക്കാനായിരുന്നു ശരണ്യയുടെ പദ്ധതിയെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട് മാസങ്ങള്‍ക്കുശേഷമാണ് പുനരന്വേഷണ ഹർജിയുമായി നിതിന്‍ കോടതിയെ സമീപിച്ചത്.

Previous ArticleNext Article