കാസർകോഡ്:പുറത്തെ നെയിം ബോർഡ് ഇല്ലെങ്കിൽ ആരും ഒരുനിമിഷം സംശയിച്ചു പോകും ഇത് പോലീസ് സ്റ്റേഷൻ തന്നെയാണോ എന്ന്.അത്തരത്തിൽ മുഖം മിനുക്കി അടിപൊളിയായിരിക്കുകയാണ് കാസർകോഡ് ജില്ലയിലെ ബേക്കൽ പോലീസ് സ്റ്റേഷൻ. സംസ്ഥാന പൊലീസിന്റെ പ്ലാൻ ഫണ്ടുപയോഗിച്ച് 14 ജില്ലകളിലെയും ഓരോ പൊലീസ് സ്റ്റേഷൻ വീതം നവീകരിക്കുന്നതിന്റെ ഭാഗമായാണു ബേക്കൽ പൊലീസ് സ്റ്റേഷനും പുതുമോടി കൈവന്നത്.10 ലക്ഷം രൂപ ചെലവിലായിരുന്നു നവീകരണം. പ്രവേശന കവാടം മുതൽ സ്റ്റേഷനിലെ ശുചിമുറി വരെ ഇതിന്റെ ഭാഗമായി നവീകരിച്ചു. വെള്ളിക്കോത്തെ എൻജിനിയർ പി.എൻ.നിഷാന്ത്രാജ് ആണ് നവീകരണ പ്രവൃത്തികൾ ഏറ്റെടുത്തു നടത്തിയത്.സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കല്ല, മറിച്ച് ജനങ്ങൾക്ക് ഗുണകരമായ രീതിയിലാകണം നവീകരണമെന്ന് ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ അദ്ദേഹത്തോട് നിർദേശിച്ചിരുന്നു.
ഹോട്ടലുകളിലെന്ന പോലെ സ്റ്റേഷനിലേക്കു കയറുമ്പോൾ തന്നെയുള്ള റിസപ്ഷൻ കൗണ്ടറിൽ ജിഡി ചാർജിനും പിആർഒയ്ക്കുമായി പ്രത്യേക കൗണ്ടർ. സീലിങ് ജിപ്സം ചെയ്ത് എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചു.നിലമാകെ ടൈൽ പാകി.സന്ദർശകർക്കായുള്ള ലോബിയിൽ ഇരിപ്പിടത്തിനായി സോഫാ സെറ്റ്. സ്റ്റേഷൻ ഹൗസ് ഓഫിസറുടെ മുറിയിൽ ഇരിപ്പിടങ്ങൾ ക്രമീകരിച്ചതോടെ കൂടുതൽ സൗകര്യം. വനിതാ ഹെൽപ് ഡെസ്കിനും പ്രത്യേകം കൗണ്ടർ സ്ഥാപിച്ചു.സന്ദർശക ലോബിയിൽ ടെലിവിഷൻ, വാട്ടർ പ്യൂരിഫയർ എന്നിവ സെറ്റ് ചെയ്തു. പുറത്ത് ഹാങ്ങിങ് ഗാർഡൻ സ്ഥാപിച്ചു. മുറ്റമാകെ ഇന്റർലോക്ക് ചെയ്തു,കെട്ടിടവും മതിലും പെയിന്റ് ചെയ്തു ഭംഗിയാക്കി. പൊട്ടിപ്പൊളിഞ്ഞ ജനൽ വാതിലുകൾ മാറ്റി സ്ഥാപിച്ചു.25 ദിവസംകൊണ്ടാണു നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കിയത്.
ബേക്കൽ പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർ അജയൻ പകർത്തിയ ദൃശ്യങ്ങൾ