Kerala, News

ബിനീഷ് കോടിയേരിയുടെ ഭാര്യയെ വീട്ടുതടങ്കലിൽ ആക്കിയിരിക്കുന്നതായി ആരോപണം;ബന്ധുക്കൾ ഗെയ്റ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

keralanews bineesh kodiyeris relatives protest infront of stage alleging his wife under house arrest

തിരുവനന്തപുരം:ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീടിന് മുൻപിൽ ബന്ധുക്കളുടെ പ്രതിഷേധം. ബിനീഷിന്റെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും മക്കളുമാണ് എത്തിയത്. വീട്ടുകാരെ കണ്ടില്ലെങ്കില്‍ സത്യഗ്രഹമിരിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുഞ്ഞുങ്ങളും അസുഖമുള്ളവരും വീടിനകത്തുണ്ടെന്നും ഇവരെ കാണാതെ പോകില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ഇഡിയുടെ നടപടിക്കെതിരെ ഇന്ന് തന്നെ കോടതിയെ സമീപിക്കുമെന്നും ബന്ധുക്കൾ അറിയിച്ചു.അതേസമയം അകത്തേക്ക് പ്രവേശിക്കാന്‍ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയില്ല. അകത്തുള്ളവരെ കാണാന്‍ ഇപ്പോ സാധിക്കില്ലെന്നാണ് ഉദ്യോഗസ്ഥര്‍ ബന്ധുക്കളെ അറിയിച്ചത്. അനുമതി നല്‍കുന്നതു വരെ ഗേറ്റിന് പുറത്ത് കുത്തിയിരിക്കുമെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു. ബന്ധുക്കളിലൊരാള്‍ താന്‍ അഭിഭാഷകയാണെന്ന് അറിയിച്ചിട്ടും കടത്തിവിടാനാവില്ലെന്ന നിലപാടാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്.ബന്ധുക്കളെ ഇപ്പോള്‍ കാണേണ്ടെന്നാണ് ബിനീഷിന്റെ ഭാര്യ പറഞ്ഞതെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ പൊലീസിനെ അറിയിക്കുകയും അത് ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു. ഇത് ഭീഷണിപ്പെടുത്തി പറയിച്ചതായാകാമെന്നും ബന്ധുക്കള്‍ പറയുന്നു. ഇതോടെ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇവിടെ പ്രതിഷേധം അനുവദിക്കില്ലെന്ന് പൊലീസ് പ്രതികരിച്ചു. ബന്ധുക്കള്‍ കൊണ്ടുവന്ന ഭക്ഷണം വീടിനകത്തെത്തിച്ചു. ബിനീഷിന്റെ വീട്ടിലെ റെയ്ഡ് 24 മണിക്കൂര്‍ പിന്നിട്ടു. റെയ്ഡ് ഇപ്പോഴും തുടരുകയാണ്. ബന്ധുക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൂജപ്പുരയില്‍ നിന്നുള്ള പോലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.റെയ്ഡിനിടെ അനൂപ് മുഹമ്മദിന്‍റെ ക്രഡിറ്റ് കാര്‍ഡ് വീട്ടില്‍ നിന്ന് കണ്ടെടുത്തുവെന്നാണ് ഇഡി പറയുന്നത്. എന്നാല്‍ ക്രഡിറ്റ് കാര്‍ഡ് ഇഡി സംഘം കൊണ്ടുവെച്ചതാണെന്ന് ആരോപിച്ച് മഹസർ രേഖകളിൽ ഒപ്പു വെക്കാൻ ബിനീഷിന്‍റെ ഭാര്യ തയ്യാറായില്ല.ഇതോടെ രാത്രി മുഴുവനും ഈ നേരംവരെയും അന്വേഷണ ഉദ്യോഗസ്ഥരും വീട്ടില്‍ തുടരുകയാണ്.

Previous ArticleNext Article