തിരുവനന്തപുരം:ബംഗളൂരു മയക്കുമുരുന്ന് കേസിലെ സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്സ്മെന്‍റ് പ്രതി ചേര്‍ത്ത ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തുന്നു. ഇഡിക്കൊപ്പം കര്‍ണാടക പൊലീസും സിആര്‍പിഎഫും റെയ്‌ഡിൽ പങ്കെടുക്കുന്നുണ്ട്.ബിനീഷ് കോടിയേരിയുടെ വീടിന് പുറമേ ടോറസ് റെമഡീസ് എന്ന സ്ഥാപനത്തിലും ബിനീഷിന്‍റെ ബിനാമിയെന്ന് കരുതുന്ന അബ്ദുൾ ലത്തീഫിന്‍റെ സ്ഥാപനത്തിലുമാണ് റെയ്ഡ് . അരുവിക്കര സ്വദേശി അൽ ജാസം അബ്ദുൽ ജാഫറിന്‍റെ വീട്ടിലും റെയ്ഡ് നടത്തുന്നുണ്ട്.ബിനീഷ് കോടിയേരിക്കെതിരായ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിന്‍റെ ഭാഗമായാണ് എന്‍ഫോഴ്സ്മെന്‍റ് സംഘത്തിലെ ഉദ്യോഗസ്ഥരും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും തിരുവനന്തപുരത്ത് തുടരുന്നത്.മരുതംകുഴിയിലുള്ള കോടിയേരി എന്ന് പേരുള്ള ബിനീഷിന്റെ വീട്ടിലേക്ക് ഇഡി ഉദ്യോഗസ്ഥര്‍ അടക്കം ആറംഗ സംഘം പരിശോധനക്ക് എത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. സുരക്ഷാ ജീവനക്കാരനെ വിളിച്ചുവരുത്തി താക്കോല്‍ വാങ്ങിയാണ് വീട് തുറന്നത്. ബിനീഷ് അറസ്റ്റിലായതിന് പിന്നാലെ മരുതംകുഴിയിലെ കോടിയേരി എന്ന് പേരുള്ള വീട്ടില്‍ നിന്ന് കുടുംബാംഗങ്ങള്‍ താമസം മാറിയിരുന്നു. ബിനീഷിന്‍റെ ബിനാമി ഇടപാടുകള്‍ കേന്ദ്രീകരിച്ചും, ആസ്തി വിവരങ്ങള്‍ സംബന്ധിച്ചും നേരിട്ടുള്ള തെളിവ് ശേഖരണമാണ് അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം. 2012 മുതല്‍ 2019 വരെയുള്ള കാലയളവില്‍ മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന് 5 കോടിയിലധികം രൂപ കൈമാറിയെന്ന് ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായാണ് ബിനീഷുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ അന്വേഷണപരിധിയില്‍ കൊണ്ടുവരുന്നത്.ബെംഗളൂരുവില്‍ ബിനീഷിന്റെ ചോദ്യം ചെയ്യല്‍ തുടരവെയാണ് സാമാന്തരമായി തിരുവനന്തപുരത്ത് പരിശോധനയ്ക്കും അന്വേഷണ സംഘം എത്തുന്നത്.