Kerala, News

എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് സംഘം തിരുവനന്തപുരത്ത്;ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്ഡ് നടത്തുമെന്ന് സൂചന

keralanews enforcement directorate team in thiruvananthapuram may conduct raid in bineesh kodiyeris house

തിരുവനന്തപുരം:ബംഗലൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്‍റ് സംഘം തിരുവനന്തപുരത്തെത്തി. എട്ട് അംഗ സംഘമാണ് തിരുവന്തപുരത്ത് എത്തിയത്. ആദായ നികുതി ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ഇഡി ആദായനികുതി വകുപ്പിന്റെ സംഘം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ പരിശോധന നടത്തിയേക്കും എന്നുള്ള സൂചനയുണ്ട്. മരുതംകുഴിയിലുള്ള വീട് ബിനീഷ് കോടിയേരിയുടെ പേരിലുള്ളതാണ്. കോടിയേരി എന്ന് പേരുള്ള വീട്ടിലാണ് ബിനീഷും കുടുംബാംഗങ്ങളും താമസിച്ചിരുന്നത്.ഈ വീടുകളില്‍ അന്വേഷണ സംഘം തെരച്ചില്‍ നടത്തുമെന്നാണ് സൂചന. നിലവില്‍ ഈ വീട്ടില്‍ സെക്യൂരിട്ടി ജീവനക്കാര്‍ മാത്രമാണ് ഉള്ളത്. ബിനീഷ് ബെംഗളൂരുവില്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടിയിലായതോടെയാണ് കുടുംബാംഗങ്ങള്‍ ഇവിടെ നിന്നും പോയത്.കോടിയേരി ബാലകൃഷ്ണന്‍ അടുത്തിടെ വരെ കോടിയേരി എന്ന് പേരുള്ള വീട്ടിലാണ് താമസിച്ചിരുന്നത്. എകെജി സെന്ററിന് സമീപത്തായി പാര്‍ട്ടി ഫ്‌ളാറ്റ് അനുവദിച്ചതോടെയാണ് അതിലേക്ക് മാറിയത്. പ്രധാനമായും ബിനീഷിന്റെ ബിനാമി സ്വത്തുവകകള്‍ അന്വേഷിക്കാനാണ് ഇഡി സംഘം എത്തിയത്. ബിനീഷിന്റെ ബിനാമിയായി കരുതുന്ന കാര്‍ പാലസ് ലത്തീഫിനെ ഇഡി അറസ്റ്റ് ചെയ്‌തേക്കും. ലത്തീഫിന്റെ മുന്‍കൂര്‍ ജാമ്യം തേടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്താനാണ് ഇഡി സംഘത്തിന്റെ ഉദ്ദേശ്യം എന്നും അറിയുന്നു.ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യാനാണ് നീക്കം എന്നുള്ള സൂചനകളാണ് ലഭിക്കുന്നത്. ഇന്നലത്തെ ബിനീഷിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കാര്‍ പാലസ് ലത്തീഫ് ബിനീഷിന്റെ ബിനാമിയാണ് എന്ന് ഇഡി രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് അറിയുന്നത്. ഈ റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായാണ് ഇഡി സംഘം തിരുവനന്തപുരത്ത് എത്തിയത്.മയക്കുമരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിലും പരിശോധന നടത്തിയേക്കും. ഈ സ്ഥാപനങ്ങളെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കാനാണ് ഇഡി സംഘം എത്തിയിരിക്കുന്നത്. ഈ അന്വേഷണം കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലേക്ക് കൂടി നീങ്ങും എന്നുള്ള സൂചനകളും ലഭിക്കുന്നുണ്ട്.

Previous ArticleNext Article