മാനന്തവാടി: വയനാട്ടില്‍ മാവോയിസ്റ്റ് തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ മാവോയിസ്റ്റിനെ വധിച്ചതായി റിപ്പോര്‍ട്ട്. പടിഞ്ഞാറത്തറ മീന്‍മുട്ടി വാളാരംകുന്നിലായിരുന്നു സംഭവം. 35 നും 40 നും ഇടയില്‍ പ്രായം വരുന്ന യുവാവാണ് കൊല്ലപ്പെട്ടത്, മരിച്ചയാള്‍ മലയാളിയല്ലെന്നാണ് പ്രാഥമിക വിവരം.വനമേഖലയോട് ചേര്‍ന്ന പ്രദേശത്ത് കേരള പോലീസിന്റെ സായുധ സേന വിഭാഗമായ തണ്ടര്‍ ബോള്‍ട്ട് പതിവ് പെട്രോളിംഗ് നടത്തുന്നതിനിടെ സായുധരായ മാവോയിസ്റ്റുകളുമായി മുഖാമുഖംവരികയും സ്വയരക്ഷയ്ക്ക് തണ്ടര്‍ബോള്‍ട്ട് സംഘം വെടിവയ്ക്കുകയുമായിരുന്നെന്നാണ് പോലീസ് പറയുന്നത്.ആക്രമിക്കാന്‍ മാവോയിസ്റ്റുകള്‍ ഉപയോഗിച്ചെന്ന് പറയുന്ന ഒരു തോക്കിന്‍റെ ചിത്രം പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. ഇരട്ടക്കുഴല്‍ തോക്കിന്‍റെ ചിത്രമാണ് പൊലീസ് പുറത്ത് വിട്ടത്. മാവോയിസ്റ്റ് ലഘുലേഖകളും പ്രദേശത്ത് നിന്ന് പൊലീസ് കണ്ടെത്തി. ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പ്രദേശത്ത് പൊലീസ് ഏര്‍പ്പെടുത്തിയത്. സംഭവസ്ഥലത്തേക്ക് ഉന്നത പോലീസ് സംഘം എത്തുന്നുണ്ട് . പ്രദേശത്ത് ഇരുപതോളം മാവോയിസ്റ്റുകള്‍ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. അവിടെ മൊബൈല്‍ നെറ്റ്‌വര്‍ക്ക് കുറവായതിനാല്‍ സാറ്റലൈറ്റ് ഫോണ് വഴി പോലീസ് ആസ്ഥാനത്ത് നിന്നും തണ്ടര്‍ ബോള്‍ട്ട് സംഘവുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നുമാണ് സൂചന.