Kerala, News

ലൈഫ് മിഷന്‍ കോഴ കേസ്;എം.ശിവശങ്കര്‍ അഞ്ചാം പ്രതി

keralanews life mission bribery case sivasankar fifth accused

തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കി വിജിലന്‍സ്.ലൈഫ് മിഷന്‍ സി ഇ ഒ യു വി ജോസില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ പ്രതിയാക്കിയത്.സ്വപ്‌നയും സരിത്തും സന്ദീപും യൂണിടാക്കും സെ‌യ്‌ന്‍ വെഞ്ചേഴ്‌സും കേസിലെ മറ്റ് പ്രതികളാണ്.നേരത്തെ കേസുമായി ബന്ധപ്പെട്ട് വ്യക്തികളെ പ്രതി ചേര്‍ത്തിരുന്നില്ല. ശിവശങ്കറിനെതിരെ എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയുണ്ടായിരുന്നു. യുനിടാകിനായി ശിവശങ്കര്‍ ഇടപെട്ടെന്നാണ് വിജിലന്‍സിന്‍റെ നിഗമനം. ഇത് സംബന്ധിച്ച മൊഴി വിജിലന്‍സിന് ലഭിച്ചു.ലൈഫ് മിഷന്‍ കേസ് അന്വേഷിക്കുന്ന ഘട്ടത്തില്‍ സിബിഐയും ശിവശങ്കറിനെ പ്രതിചേര്‍ക്കാന്‍ നീക്കം നടത്തിയിരുന്നു. ഇപ്പോള്‍ വിജിലന്‍സിന്‍റെ ഭാഗത്ത് നിന്നുണ്ടായത് സുപ്രധാനമായ നീക്കമാണ്. സംസ്ഥാന സര്‍ക്കാറിന്റെ ഏജന്‍സി തന്നെ ശിവശങ്കരനെ പ്രതിചേര്‍ത്തതോടെ സര്‍ക്കാര്‍ ശരിക്കും വെട്ടിലായി.സന്തോഷ് ഈപ്പന്‍ സ്വപ്‌ന സുരേഷിന് വാങ്ങി നല്‍കിയ ഐ ഫോണുകളില്‍ ഒരെണ്ണം ഉപയോഗിച്ചിരുന്നത് ശിവശങ്കരനായിരുന്നു. ഇതാണ് കോഴയായി വിലയിരുത്തിയത്. ഇതോടെ പ്രത്യക്ഷത്തില്‍ വിജിലന്‍സ് കേസില്‍ പ്രതിയാക്കുകയും ചെയ്തു. ലൈഫ് മിഷന്‍ പദ്ധതി കിട്ടാന്‍ വേണ്ടിയായിരുന്നു സ്വപ്നക്ക് സന്തോഷ് ഈപ്പന്‍ ഫോണ്‍ വാങ്ങി നല്‍കിയത്. ഫോണ്‍ കൈപ്പറ്റിയവരുടെ വിവരങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

Previous ArticleNext Article