തിരുവനന്തപുരം: ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണുകളില്‍ നാലെണ്ണം ശിവശങ്കര്‍ അടക്കം നാല് പേര്‍ക്ക് കിട്ടിയതായി വിജിലന്‍സ് കണ്ടെത്തല്‍.ശിവശങ്കര്‍ തന്നെ ഇഡിക്ക് എഴുതി നല്‍കിയ രേഖകള്‍ പ്രകാരമാണ് സന്തോഷ് ഈപ്പന്‍ വാങ്ങിയ ഫോണാണ് ശിവശങ്കര്‍ ഉപയോഗിക്കുന്നത് എന്നു വ്യക്തമായത്.ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനായി സ്വപ്നയുടെയും സന്ദീപിന്റെയും മൊഴി തിങ്കളാഴ്ച വിജിലന്‍സ് രേഖപ്പെടുത്തും.കൈക്കൂലിയായി യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ മൊബൈല്‍ ഫോണുകള്‍ ശിവശങ്കറിന് പുറമെ, ജിത്തു, പ്രവീണ്‍, രാജീവന്‍ എന്നിവര്‍ക്കാണ് ലഭിച്ചിരിക്കുന്നതെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.യുഎഇ ദിനത്തിന് സമ്മാനമായി ലഭിച്ച ഐ ഫോണ്‍ അഡീഷണല്‍ പ്രോട്ടോകോള്‍ ഓഫീസര്‍ രാജീവന്‍ സര്‍ക്കാരില്‍ നല്‍കി. പൊതുഭരണ സെക്രട്ടറിക്കാണ് ഫോണ്‍ ഹാജരാക്കിയത്. രാജീവന്‍ ഫോണ്‍ വാങ്ങിയ ചിത്രങ്ങള്‍ സഹിതം പ്രതിപക്ഷ നേതാവ് പുറത്തുവിട്ടിരുന്നു.
99900 രൂപ വിലവരുന്ന ആപ്പിള്‍ ഐഫോണ്‍ പ്രോ 11 ആണ് ശിവശങ്കറിന് സന്തോഷ് ഈപ്പന്‍ വാങ്ങി നല്‍കിയതായി രേഖ പുറത്തുവന്നത്. സന്തോഷ് ഈപ്പന്‍ സമര്‍പ്പിച്ച രേഖയിലെ ഐ എം ഇ ഐ നമ്പറും തന്റെ ഫോണ്‍ സംബന്ധിച്ച് ശിവശങ്കര്‍ നല്‍കിയ രേഖയിലെ ഐ എം ഇ ഐ നമ്പറും ഒന്നായതോടെയാണ് വിവരം പുറത്തറിയുന്നത്.നേരത്തെ ഹൈക്കോടതിയിലാണ് സന്തോഷ് ഈപ്പന്‍ ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ ഐ ഫോണ്‍ കൈക്കൂലിയായി വാങ്ങി നല്‍കിയിരുന്നു എന്നു വെളിപ്പെടുത്തിയത്. ഈ ഫോണിലൊന്ന് രമേശ് ചെന്നിത്തലയ്ക്ക് നല്‍കാനെന്നു സ്വപ്ന പറഞ്ഞതെന്നും സന്തോഷ് ഈപ്പന്‍ വ്യക്തമാക്കിയിരുന്നു. ഫോണുകള്‍ വാങ്ങിയ ബില്ലും ഫോണിന്റെ വിശദാംശങ്ങളും അടക്കമാണ് സന്തോഷ് ഈപ്പന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്.പിന്നീട് രമേശ് ചെന്നിത്തല നിയമ നടപടി സ്വീകരിച്ചതോടെ സന്തോഷ് ഈപ്പന്‍ ആരോപണത്തില്‍ ഉറച്ചു നിന്നിരുന്നില്ല. ഐ ഫോണ്‍ ആരുടെ കയ്യിലാണെന്നു അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഡി ജി പിക്ക് പരാതി നല്‍കിയെങ്കിലും ഇനിയും അന്വേഷണം നടന്നിട്ടില്ല. ഇതിനിടെയാണ് ഫോണുകളില്‍ ഒന്നു ഉപയോഗിക്കുന്നത് ശിവശങ്കര്‍ ആണെന്ന രേഖ പുറത്തു വരുന്നത്.