കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കോടതി ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാംപ്രതിയാണ് ശിവശങ്കര്‍.രാവിലെ ഒൻപത് മുതല്‍ വൈകീട്ട് ആറ് വരെ മാത്രമേ ശിവശങ്കറിനെ ചോദ്യംചെയ്യാവൂ എന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇ.ഡിയോട് നിര്‍ദേശിച്ചു.നടുവേദനയുണ്ടെന്നും ചികിത്സ വേണമെന്നും ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞു. അന്വേഷണവുമായി താന്‍ സഹകരിച്ചിട്ടുണ്ട്. അന്വേഷണ ഏജന്‍സികള്‍ തന്നെ നിരന്തരം ബുദ്ധിമുട്ടിക്കുകയാണെന്നും ശിവശങ്കര്‍ പറഞ്ഞു. അഭിഭാഷകന് എസ് രാജീവ് ആണ് ശിവശങ്കരന് വേണ്ടി ഹാജരായത്.ശിവശങ്കറിന് ചികിത്സ ഉറപ്പാക്കണമെന്ന് കോടതി ഇ.ഡിയോട് ആവശ്യപ്പെട്ടു. ബുധനാഴ്ച രാത്രിയാണ് ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തിരുന്നു. ആറ് മണിക്കൂറിലേറെ നീണ്ട ചോദ്യംചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്.ബിനാമി ഇടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ഡിജിറ്റല്‍ തെളിവുകളടക്കം നിരത്തി അന്വേഷണ സംഘം നടത്തുന്ന ചോദ്യം ചെയ്യലാകും ഇനി നടക്കുക.