കൊച്ചി:മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തു. ആറ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് മുമ്പായി എൻഫോഴ്സ്മെൻറ് ജോയിൻറ്‌ഡയറക്ടർ ഗണേഷ് കുമാർ, സ്പെഷ്യൽ ഡയറക്ടർ സുശീൽ കുമാർ എന്നിവരും കൊച്ചിയിലെത്തിയിരുന്നു. ബിനാമി ഇടപാടുകള്‍, കള്ളപ്പമം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.ഹൈക്കോടതി മുന്‍കൂര്‍ജാമ്യം നിഷേധിച്ചതിനു തൊട്ടുപിന്നാലെ, ഇന്നലെ രാവിലെ പത്തരയോടെ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍നിന്ന് ശിവശങ്കറെ ഇ.ഡി. കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന്, ഉച്ചകഴിഞ്ഞു കൊച്ചിയിലെത്തിച്ച് ആറുമണിക്കൂറിലേറെ ചോദ്യംചെയ്‌തശേഷമായിരുന്നു അറസ്‌റ്റ്. കൊച്ചിയിലേക്കുള്ള യാത്രയ്‌ക്കിടെ ചേര്‍ത്തലയിലെത്തിയപ്പോള്‍ കസ്‌റ്റംസും ശിവശങ്കറിന്റെ കസ്‌റ്റഡി രേഖപ്പെടുത്തിയിരുന്നു. രണ്ട് ഏജന്‍സികളും ചോദ്യംചെയ്‌തെങ്കിലും ആര് ആദ്യം അറസ്‌റ്റ് ചെയ്യണമെന്ന ആശയക്കുഴപ്പം തുടര്‍ന്നു. പിന്നീട്, ഡല്‍ഹിയില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് ഇ.ഡിതന്നെ അറസ്‌റ്റ് രേഖപ്പെടുത്തിയതെന്നാണു സൂചന.ഇതോടെ, ചോദ്യംചെയ്യല്‍ കേന്ദ്രത്തില്‍നിന്നു കസ്‌റ്റംസ് ഉദ്യോഗസ്‌ഥര്‍ മടങ്ങി. ചെന്നൈയില്‍നിന്ന് മുതിര്‍ന്ന ഇ.ഡി. ഉദ്യോഗസ്‌ഥര്‍ ചോദ്യംചെയ്യലിന് എത്തിയപ്പോള്‍തന്നെ അറസ്‌റ്റ് ഉറപ്പായിരുന്നു.കള്ളപ്പണം വെളുപ്പിക്കാന്‍ ശിവശങ്കറിനു സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ സഹായം ലഭിച്ചെന്നു ചോദ്യംചെയ്യലില്‍ ഇ.ഡി. കണ്ടെത്തിയിരുന്നു.ശിവശങ്കര്‍ സ്വര്‍ണക്കടത്തില്‍ മുതല്‍മുടക്കിയതിനും ലാഭവിഹിതം ലോക്കറില്‍ സൂക്ഷിച്ചതിനും പ്രതികളുമായുള്ള ഉറ്റബന്ധം തെളിവാണെന്ന് ഇ.ഡി. ചോദ്യംചെയ്യല്‍വേളയില്‍ത്തന്നെ അദ്ദേഹത്തെ അറിയിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകളുടെ ഭാഗമാകേണ്ട ഔദ്യോഗികസാഹചര്യം ശിവശങ്കറിനില്ലായിരുന്നെന്നു ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതി ഇന്നലെ മുന്‍കൂര്‍ജാമ്യം നിഷേധിച്ചത്.