പത്തനംതിട്ട:മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ പ്രതിദിനം ആയിരം പേര്‍ക്ക് ദർശനത്തിന് അനുമതി നൽകും.വാരാന്ത്യങ്ങളില്‍ രണ്ടായിരം പേരെ അനുവദിക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. തീര്‍ഥാടന കാലത്തെ സാധാരണ ദിവസങ്ങളില്‍ 1,000 പേരെയും വാരാന്ത്യങ്ങളില്‍ 2,000 പേരെയും വിശേഷ ദിവസങ്ങളില്‍ 5,000 പേരെയും അനുവദിക്കാമെന്നായിരുന്നു സമിതി നേരത്തെ പ്രഖ്യാപിച്ചത്. തീര്‍ഥാടന കാലത്തേക്കായി 60 കോടിയോളം രൂപ മുടക്കിയെന്നും തീര്‍ഥാടകര്‍ എത്താതിരുന്നാല്‍ അത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും ദേവസ്വം ബോര്‍ഡ് ഉന്നതതല യോഗത്തില്‍ ബോധിപ്പിച്ചു.കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. വെര്‍ച്വല്‍ ക്യൂ വഴിയാണ് പ്രവേശനം അനുവദിക്കുക. അതേസമയം, പ്രവേശനത്തിന് അനുമതി നല്‍കുന്നവരുടെ എണ്ണം കൂട്ടണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന് യോഗത്തില്‍ തീരുമാനിച്ചു. സ്ഥിതി വിലയിരുത്തിയ ശേഷം പരിഗണിക്കാമെന്നാണ് തീരുമാനം.