തിരുവനന്തപുരം:ഒരു മണിക്കൂറിൽ കോവിഡ് ഫലം ലഭിക്കുന്ന ഫെലൂദ പരിശോധന കിറ്റുകൾ എത്തിക്കാൻ സംസ്ഥാന ആരോഗ്യവകുപ്പ് ശ്രമം ആരംഭിച്ചു. മെഡിക്കല്‍ സര്‍വീസസ് കോര്പറേഷൻ കമ്പനികളുമായി ചര്‍ച്ച തുടങ്ങി. ഫെലൂദ വരുന്നതോടെ പരിശോധനകളുടെ എണ്ണം ഗണ്യമായി കൂട്ടാനാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടല്‍.ഡൽഹി കേന്ദ്രമായ സി.എസ് ഐ.ആറും ടാറ്റയും ചേർന്ന് കണ്ടെത്തിയ നൂതന കോവിഡ് പരിശോധന സംവിധാനമാണ് ഫെലൂദ. പേപ്പർ സ്ട്രിപ്പ് ഉപയോഗിച്ചുള്ള ലളിതമായ രീതി. മൂക്കില്‍ നിന്നുള്ള സ്രവം എടുത്ത് തന്നെയാണ് പരിശോധന. വൈറസിന്റെ ചെറു സാന്നിധ്യം പോലും കണ്ടെത്താനാകും. അതായത് ഫലം കൃത്യമായിരിക്കും. രോഗമുണ്ടോയെന്ന് കണ്ടെത്താൻ തുടര്‍ പരിശോധനയുടെ ആവശ്യവുമില്ല. വില കുറവാണെന്നതാണ് മറ്റൊരു ഗുണം. മെഷീൻ സ്ഥാപിക്കാൻ 25,000 രൂപ മതി. ഒരു മണിക്കൂറിൽ 500 രൂപയാണ് പരിശോധനയുടെ ചെലവ്.സിഎംആറിന്റെ അനുമതി കിട്ടിയതോടെ കേരളവും പരിശോധന കിറ്റുകൾ വാങ്ങാൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് കമ്പനികളുമായി ചര്‍ച്ച നടത്തി . വരും ആഴ്ചകളില്‍ തന്നെ ടെണ്ടര്‍ നടപടികൾ ഉൾപ്പെടെ പൂര്‍ത്തിയാക്കി കിറ്റ് എത്തിക്കാനാണ് നീക്കം.