കൊച്ചി:ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിന്‍ കൊച്ചി കായലില്‍ പറന്നിറങ്ങി.മാലിയില്‍ നിന്നു ഗുജറാത്തിലേക്കുള്ള യാത്രാ മധ്യേയാണ് ഇന്ധനം നിറയ്ക്കാന്‍ വിമാനം കൊച്ചിയില്‍ ഇറങ്ങിയത്. ഇന്നലെ രാവിലെ മാലദ്വീപില്‍ നിന്നു പറന്നുയര്‍ന്ന സീപ്ലെയിന്‍ ഉച്ചയ്ക്കു 12.45നാണു കൊച്ചി കായലില്‍ ഇറങ്ങിയത്. വെണ്ടുരുത്തി പാലത്തിന് സമീപം സീപ്ലെയിന്‍ ഇറങ്ങാന്‍ ക്രമീകരണം ഒരുക്കിയിരുന്നു. നാവികസേനയുടെ അനുമതിയോടെ ആയിരുന്നു ഇത്. തുടര്‍ന്നു നേവല്‍ ബേസിലെ ജെട്ടിയില്‍ നിന്ന് ഇന്ധനം നിറച്ച വിമാനം ഗുജറാത്തിലേക്ക് പോയി. മാലിയില്‍ നിന്നുള്ള വരവില്‍ ഇന്ത്യയില്‍ ആദ്യമായി ലാന്‍ഡ് ചെയ്തതു കൊച്ചിയിലാണ്. നാവിക സേനാ ഉദ്യോഗസ്ഥരും സിയാല്‍, സ്പൈസ് ജെറ്റ് പ്രതിനിധികളും ജില്ലാ ഭരണകൂടവും ചേര്‍ന്നു സ്വീകരിച്ചു.മാലി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു രാവിലെ 7.20നു പുറപ്പെട്ട ജലവിമാനം മൂന്നു മണിക്കൂറിനു ശേഷം രാവിലെ 10നു മാലിയിലെ തന്നെ ഹനിമാധി വിമാനത്താവളത്തില്‍ ഇറങ്ങി ഇന്ധനം നിറച്ചിരുന്നു. കൊച്ചിയില്‍ നിന്നു ഗുജറാത്തിലേക്കുള്ള യാത്രാമധ്യേ ഗോവയിലെ മാന്‍ഡോവി നദിയില്‍ ഇറങ്ങുന്ന സീ പ്ലെയിന്‍ പുലര്‍ച്ചെ അവിടെ നിന്നു പുറപ്പെട്ട് ഇന്ന് സബര്‍മതിയിലെത്തും.ഗുജറാത്ത് ടൂറിസം വികസനത്തിന്റെ ഭാഗമായി സബര്‍മതി മുതല്‍ ഏകതാ പ്രതിമ വരെയാണ് സീപ്ലെയിന്‍ സര്‍വീസ് നടത്തുക. നാലായിരത്തി എണ്ണൂറ് രൂപയാണ് ഓരോ യാത്രക്കാരും സര്‍വീസിനായി നല്‍കേണ്ടി വരിക. സ്പൈസ് ജെറ്റിനാണ് സര്‍വീസ് ചുമതല. പതിനാറ് യാത്രക്കാര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാന്‍ കഴിയുന്ന വിമാനം പ്രതിദിനം 8 സര്‍വീസുകളാണ് നടത്തുക. റോഡ് മാര്‍ഗം യാത്ര ചെയ്യാന്‍ നാല് മണിക്കൂര്‍ വേണ്ടിടത്ത് സീപ്ലെയിനില്‍ ഒരു മണിക്കൂര്‍ കൊണ്ട് ഏകതാ പ്രതിമയ്ക്കടുത്ത് എത്താം. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്യും.