തിരുവനന്തപുരം: സംസ്ഥാനത്ത് അയവദാന മാഫിയ സജീവമെന്ന് ക്രൈംബ്രാഞ്ച് ഐ ജി ശ്രീജിത്തിന്റെ റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി അട്ടിമറിക്കാനുളള ശ്രമമുണ്ടെന്നും തൃശൂര്‍ കേന്ദ്രമാക്കിയാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രത്യേക ഏജന്റുമാരാണ് സര്‍ക്കാര്‍ പദ്ധതിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് അവയവദാനത്തിനായി ആളുകളെ എത്തിക്കുന്നത്.റിപ്പോര്‍ട്ടിന് പിന്നാലെ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളും അന്വേഷണത്തിന്റെ പരിധിയില്‍ ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് അധികൃതര്‍ നല്കുന്ന സൂചന. തൃശൂര്‍ എസ് പി സുദര്‍ശനാണ് കേസ് അന്വേഷിക്കുന്നത്.ക്രൈംബ്രാഞ്ച് ഐ ജി ശ്രീജിത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം നേരിട്ടുനടത്തിയ അന്വേഷണത്തിലാണ് സംസ്ഥാനത്തെ അവയവദാനമാഫിയയെക്കുറിച്ചുളള സൂചനകള്‍ ലഭിച്ചത്. തൃശൂരിലെ കൊടുങ്ങല്ലൂരില്‍ നിരവധി പാവപ്പെട്ടവര്‍ മാഫിയയുടെ കുരുക്കില്‍ വീണിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പ്രത്യേക ഏജന്റുമാരാണ് ഇവരെ പറഞ്ഞുപറ്റിച്ച് അവയവദാനത്തിനായി എത്തിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണിതെന്നും രോഗികള്‍ക്ക് അവയവങ്ങള്‍ ദാനം ചെയ്താല്‍ നിങ്ങള്‍ക്ക് പണം ലഭിക്കും എന്നുപറഞ്ഞാണ് ഏജന്റുമാര്‍ ആള്‍ക്കാരെ എത്തിക്കുന്നത്.തുച്ഛമായ പ്രതിഫലം മാത്രമാണ് അവയവം ദാനംചെയ്യുന്നവര്‍ക്ക് ഏജന്റുമാര്‍ നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.എന്നാല്‍ ആരാണ് തട്ടിപ്പിന് പിന്നിലെന്നോ, ഏത് ആശുപത്രി കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയതെന്നോ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. കൊച്ചിയിലെയും തിരുവനന്തപുരത്തെയും ചില ആശുപത്രികളിലേക്കാണ് അവയവങ്ങള്‍ എത്തിക്കുന്നതെന്നാണ് അറിയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.