തിരുവനന്തപുരം: ഇരുചക്രവാഹനത്തില്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നയാള്‍ക്ക് ഹെല്‍മറ്റ് ഇല്ലെങ്കിലും വാഹനം ഓടിക്കുന്നയാളുടെ ലൈസന്‍സ് റദ്ദാക്കാൻ തീരുമാനം.കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ ശിപാര്‍ശ നവംബര്‍ ഒന്നുമുതല്‍ നടപ്പിലാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അജിത് കുമാര്‍ ഉത്തരവിട്ടു.നേരത്തെ ഹെല്‍മറ്റ് ധരിക്കാത്തതിന് കേന്ദ്രം നിശ്ചയിച്ചിരുന്ന 1,000 രൂപ പിഴ സംസ്ഥാനം 500 ആക്കി കുറച്ചിരുന്നു. എന്നാല്‍ മൂന്നു മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കാനുള്ള തീരുമാനം പിന്‍വലിച്ചിട്ടില്ല. പിഴ അടച്ചാലും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും ഡ്രൈവര്‍ റിഫ്രഷര്‍ കോഴ്‌സിന് അയക്കാനും സാധിക്കും.കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ ശുപാര്‍ശ അടുത്തമാസം ഒന്നുമുതല്‍ ശക്തമായി നടപ്പാക്കാനാണ് അധികൃതരുടെ തീരുമാനം. ഹെല്‍മറ്റ് ധരിക്കാത്തവരുടെ ലൈസന്‍സ് മൂന്നുമാസത്തേക്കാണ് റദ്ദാക്കുന്നത്. മോട്ടോര്‍വാഹന നിയമം ലംഘിക്കുന്നവരെ റോഡ് സുരക്ഷാ ക്ളാസിനും സാമൂഹ്യസേവനത്തിനും അയയ്ക്കണമെന്നും ഉത്തരവിലുണ്ട്. ഇതും നടപ്പാക്കും.ഈ വര്‍ഷം ഫെബ്രുവരിയിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ പ്രഖ്യാപിച്ചത്.1988ലെ മോട്ടോര്‍ വാഹന നിയമത്തില്‍ കാര്യമായ ഭേദഗതികള്‍ വരുത്തിയായിരുന്നു പുതിയ നിയമങ്ങള്‍ ഉണ്ടാക്കിയത്.