International, News

ഓക്‌സ്‌ഫോർഡ് കോവിഡ് വാക്സിന്‍ പരീക്ഷണത്തിൽ പങ്കെടുത്ത ഡോക്റ്റർ മരിച്ചു

keralanews doctor participated in oxford covid vaccine trial died

ബ്രിട്ടൻ:ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കെടുത്ത ഡോക്ടര്‍ മരിച്ചു. ബ്രസീലിലാണ് സംഭവം. 28കാരനായ ഡോക്ടറുടെ മരണം ബ്രസീലിലെ ആരോഗ്യ വിഭാഗം സ്ഥിരീകരിച്ചു. മരുന്ന് പരീക്ഷണത്തിന് സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്ന ഡോക്ടറുടെ മരണം കോവിഡ് വാക്സിന്‍ പരീക്ഷണത്തിന് ശേഷമാണോ എന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. കൊവിഡ് വാക്‌സിന്‍ പരീക്ഷണം നടത്തുന്ന ആളുകളുടെ സ്വകാര്യത ചൂണ്ടിക്കാട്ടിയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ അധികൃതര്‍ തയ്യാറാകാത്തത്.രണ്ട് തരം വാക്‌സിനാണ് മരുന്ന് പരീക്ഷണത്തിന് സന്നദ്ധത അറിയിച്ചവര്‍ക്ക് ബ്രസീലില്‍ നല്‍കിയിരുന്നത്. ഒരു സംഘത്തിന് കോവിഡ് വാക്സിന്‍ കുത്തിവെയ്ക്കുമ്പോൾ മെനിഞ്ജൈറ്റിസിന് ഉപയോഗിക്കുന്ന വാക്‌സിനാണ് രണ്ടാമത്തെ സംഘത്തിന് നല്‍കുന്നത്. മരിച്ച ഡോക്ടര്‍ക്ക് കോവിഡ് വാക്സിനല്ല നല്‍കിയതെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.  ഏത് വാക്‌സിൻ ആർക്ക് കുത്തിവെയ്ക്കുന്നു എന്ന വിവരം മരുന്ന് പരീക്ഷണത്തിന് സന്നദ്ധരായവരോടോ അവരുടെ കുടുംബത്തോടോ പറയാറില്ല. വാക്സിന്‍ എത്രമാത്രം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു എന്ന് കണ്ടെത്താനായാണ് ഈ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. വാക്‌സിൻ പരീക്ഷണവുമായി മുമ്പോട്ട് പോകാൻ തന്നെയാണ് പരീക്ഷണത്തിന് നേതൃത്വം കൊടുക്കുന്ന സംഘത്തിന്റെ തീരുമാനം.വാക്സിന്‍റെ സുരക്ഷ സംബന്ധിച്ച് ആശങ്ക വേണ്ടെന്നാണ് വാക്സിന്‍ വികസിപ്പിച്ചതില്‍ പങ്കാളിയായ മരുന്ന് കമ്പനി ആസ്ട്ര സെനെക അവകാശപ്പെടുന്നത്. വാക്സിന്‍ പരീക്ഷണം തുടരും. ബ്രസീലിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കോവിഡ് രോഗികളെ തുടക്കം മുതല്‍ ചികിത്സിച്ചിരുന്ന ഡോക്ടര്‍ കോവിഡ് ബാധിച്ചാണ് മരിച്ചതെന്നാണ്. എന്നാല്‍ മരണ കാരണം എന്തെന്ന് ബ്രസീല്‍ ആരോഗ്യ വിഭാഗം വെളിപ്പെടുത്തിയിട്ടില്ല. ബ്രിട്ടനിലെ വാക്‌സിൻ പരീക്ഷണത്തിനിടെ മരുന്ന് കുത്തിവെച്ച ആളില്‍ അപ്രതീക്ഷിതമായി ശാരീരിക അസ്വസ്ഥതകള്‍ പ്രകടമായതോടെ ഓക്സ്ഫോര്‍ഡ് വാക്സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചിരുന്നു. വാക്സിന്‍റെ പാര്‍ശ്വഫലമല്ല ആ അസ്വസ്ഥത എന്ന കണ്ടെത്തലിന് പിന്നാലെ വാക്സിന്‍ പരീക്ഷണം പുനരാരംഭിക്കുകയായിരുന്നു.

Previous ArticleNext Article