Kerala, News

ബാങ്ക് സന്ദര്‍ശനസമയം ക്രമീകരിച്ചു; ഒന്നു മുതല്‍ അഞ്ചുവരെയുള്ള അക്കങ്ങളില്‍ അവസാനിക്കുന്ന അക്കൗണ്ടുകള്‍ക്ക് ഉച്ചക്ക് 12.30 വരെ സമയം

keralanews bank arranges visitation time 12-30 pm for accounts ending in digits one to five

തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തില്‍ ബാങ്കുകളില്‍ തിരക്ക് നിയന്ത്രിക്കാന്‍ സേവിംഗ്സ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്കായി ബാങ്ക് സന്ദര്‍ശനസമയം ക്രമീകരിച്ചതായി സംസ്ഥാനതല ബാങ്കേഴ്സ് സമിതി അറിയിച്ചു. ഒന്നു മുതല്‍ അഞ്ചുവരെ അക്കങ്ങളില്‍ അവസാനിക്കുന്ന ബാങ്ക് അക്കൗണ്ടുകള്‍ക്ക് രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയാണ് സമയം. ആറു മുതല്‍ ഒന്‍പതുവരെയും പൂജ്യത്തിലും അവസാനിക്കുന്ന അക്കൗണ്ടുകള്‍ക്ക് ഉച്ചക്ക് ഒന്നുമുതല്‍ വൈകിട്ട് നാലുവരെയാണ് സമയം.രാവിലെ ബാങ്കില്‍ എത്തിയിട്ടും ഇടപാട് നടത്താന്‍ അവസരം ലഭിക്കാത്തവര്‍ക്ക് ഉച്ചക്ക് 12.30 മുതല്‍ ഒരുമണിവരെ അവസരം നല്‍കും. ഒക്ടോബര്‍ 19ന് ആരംഭിച്ച ഈ ക്രമീകരണം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും മറ്റു ബാങ്ക് ഇടപാടുകള്‍ക്കും ഈ നിയന്ത്രണം ബാധകമല്ല.ഉപഭോക്താക്കള്‍ ബാങ്ക് സന്ദര്‍ശനം പരമാവധി കുറയ്ക്കുന്നതിനായി എ.ടി.എം കാര്‍ഡ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണം.പൊതുവായ അന്വേഷണങ്ങള്‍, മുന്‍കൂട്ടി നിശ്ചയിച്ച സന്ദര്‍ശനങ്ങള്‍ എന്നിവയ്ക്ക് അതാത് ബാങ്ക് ശാഖയുമായി ഫോണില്‍ ബന്ധപ്പെടാം.ചില മേഖലകളില്‍ ബാങ്ക് പ്രവര്‍ത്തന സമയത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിയന്ത്രണം ഏര്‍പ്പെടുത്തുകയാണെങ്കില്‍ അത്തരം പ്രദേശങ്ങളില്‍ അക്കൗണ്ട് നമ്ബര്‍ അടിസ്ഥാനത്തിലുള്ള സമയക്രമീകരണത്തില്‍ മാറ്റം വരും. അത്തരം പ്രദേശങ്ങളിലെ പുതുക്കിയ സമയക്രമം അതാത് ബാങ്ക് ശാഖകളില്‍ പ്രദര്‍ശിപ്പിക്കുമെന്നും സംസ്ഥാനതല ബാങ്കേഴ്സ് സമിതി അറിയിച്ചു.

Previous ArticleNext Article