Kerala, News

പാലത്തായി കേസ്; ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ മാറ്റാന്‍ ഹൈക്കോടതി ഉത്തരവ്

keralanews palathayi rape case high court order to change investigation team lead by i g sreejith

കൊച്ചി: ബിജെപി നേതാവ് പ്രതിയായ കണ്ണൂർ പാലത്തായി ബാലികാ പീഡനക്കേസില്‍ നിലവിലുള്ള അന്വേഷണ സംഘത്തെ മുഴുവന്‍ മാറ്റാന്‍ ഹൈക്കോടതി ഉത്തരവ്. സംഘത്തിലുള്ള മുഴുവന്‍ ആളുകളെയും മാറ്റി രണ്ടാഴ്ചക്കകം പുതിയ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.അന്വേഷണച്ചുമതലയുള്ള ഐ.ജി എസ് ശ്രീജിത്തിനെ മാറ്റണം. ഐജി റാങ്കില്‍ കുറയാത്ത പുതിയ ഉദ്യോഗസ്ഥന്‍ തുടരന്വേഷണത്തിന് മേല്‍ നോട്ടം വഹിക്കണം. അന്വേഷണ സംഘത്തെ മാറ്റണമെന്ന ഇരയുടെ മാതാവിന്റെ ഹരജിയിലാണ് നടപടി.നിലവിലുള്ള അന്വേഷണസംഘം കേസിനെ അട്ടിമറിച്ചുവെന്നും പ്രതിക്ക് സഹായകമായ അന്വേഷണമാണ് നടത്തിയതെന്നുമാണ് കുട്ടിയുടെ മാതാവ് കോടതിയില്‍ നല്‍കിയ റിട്ട് ഹരജിയില്‍ പറഞ്ഞത്. കട്ടിയുടേതായി നല്‍കിയ പല മൊഴികളും യഥാത്ഥത്തില്‍ കുട്ടി നല്‍കിയിട്ടില്ല.കുട്ടിയുടെ മൊഴികളൊന്നും പോക്‌സോ നിയമത്തിന്റെ സെക്ഷന്‍ 24 പ്രതിപാദിക്കുന്ന തരത്തില്‍ ഓഡിയോ റിക്കോര്‍ഡ് നടത്താതിരിക്കുകയും കോടതിയില്‍ സമര്‍പ്പിച്ച മൊഴിയില്‍ മാറ്റം വരുത്തുകയും ചെയ്തു. 24.04.2020ല്‍ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് കുട്ടിയുടെ മൊഴി എടുക്കുന്നത് 80 ദിവസത്തിന് ശേഷം കുറ്റപത്രം നല്‍കുന്നതിന്റെ തലേന്ന് മാത്രമാണ്. പ്രതിയുടെ കസ്റ്റഡി വാങ്ങാന്‍ ക്രൈം ബ്രാഞ്ച് തയ്യാറായില്ല.കുട്ടിയുടെയും പ്രധാന സാക്ഷിയുടെയും സെക്ഷന്‍ 164 പ്രകാരമുള്ള മൊഴിയും കോടതിയില്‍ സമര്‍പ്പിച്ചില്ല. കുട്ടിയുടെ മെഡിക്കല്‍ പരിശോധനാ റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചില്ല. മെഡിക്കല്‍ പരിശോധന നടത്തിയ ഡോക്ടറെ സാക്ഷി പട്ടികയില്‍ ചേര്‍ത്തില്ല. കുട്ടിക്കെതിരെ ഐ.ജി യുടേതായ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. പ്രതിയോട് കുട്ടികള്‍ക്കും പിടിഎയ്ക്കും വിരോധമുണ്ടായിരുന്നു എന്ന് വരുത്തി തീര്‍ക്കാന്‍ ഈ കേസില്‍ യാതൊരു ആവശ്യവുമില്ലാത്ത മൊഴികള്‍ കോടതിയില്‍ സമര്‍പ്പിച്ച്‌ പോക്‌സോ ഒഴിവാക്കി കുറ്റപത്രം നല്‍കി പ്രതിക്ക് ജാമ്യം ലഭിക്കാന്‍ അവസരമൊരുക്കി. കുട്ടിയുടെ മൊഴി തെറ്റായി എഴുതിച്ചേര്‍ത്ത് കുട്ടി കള്ളം പറയുന്നതായി കോടതിയില്‍ സ്റ്റേറ്റ്‌മെന്റ് നല്‍കി. കുട്ടിക്ക് മോറല്‍ സപ്പോര്‍ട്ട് നല്‍കാന്‍ എന്ന പേരില്‍ പോലീസ് ചുമതലപ്പെടുത്തിയ കൗണ്‍സിലര്‍മാര്‍ കുട്ടിയോട് അശ്ശീലം സംസാരിക്കുകയും പ്രതിക്കെതിരെ മൊഴി പറയുന്നതില്‍ നിന്ന് കുട്ടിയെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. അന്വേഷണ സംഘത്തിനെതിരെയും കൗണ്‍സിലര്‍മാര്‍ക്കെതിരെയും മുഖ്യമന്ത്രിക്കും സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും മാതാവ് നൽകിയ ഹർജിയിൽ പറയുന്നു.

Previous ArticleNext Article