പാലക്കാട്: വാളയാറില്‍ മദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. നേരത്തെ മരിച്ച അയ്യപ്പന്റെ മകന്‍ ആണ് അരുണ്‍ (22) ആണ് ഏറ്റവും ഒടുവില്‍ മരിച്ചത്. കഞ്ചിക്കോട് ചെല്ലന്‍കാവ് മൂര്‍ത്തി, രാമന്‍, അയ്യപ്പന്‍, ശിവന്‍ എന്നിവരാണ് നേരത്തെ മരിച്ചത്.മരിച്ചവരെല്ലാം തൊഴിലാളികളാണ്. രാമന്‍ ഞായറാഴ്ച രാവിലെയും അയ്യപ്പന്‍ ഉച്ചയോടെയുമാണ് മരിച്ചത്. ശിവനെ തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടുമുറ്റത്തെ കട്ടിലില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.തിങ്കളാഴ്ച രാവിലെ ശിവനെ മരിച്ച നിലയില്‍ കണ്ടതോടെയാണ് മദ്യദുരന്തമെന്ന സംശയം ഉയരുന്നത്.അതിനിടെ ആശുപത്രിയില്‍നിന്ന് ആരുംകാണാതെ ഇറങ്ങിപ്പോയ മൂര്‍ത്തിയെ ഉച്ചയോടെ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് പരിസരത്തെ കച്ചവടസ്ഥാപനത്തിനുമുന്നില്‍ മരിച്ചനിലയില്‍ കണ്ടെത്തി.ഇവരെല്ലാം കഴിഞ്ഞ ദിവസം അമിതമായി മദ്യപിച്ചിരുന്നെന്നും ശിവനാണ് മദ്യമെത്തിച്ചതെന്നും കോളനി നിവാസികള്‍ പറഞ്ഞു. ഒന്‍പതു പേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.നാഗരാജന്‍ (26), തങ്കമണി (47), രുക്മിണി (52), കമലം (42), ചെല്ലപ്പന്‍ (75), ശക്തിവേല്‍, കുമാരന്‍ (35), മുരുകന്‍ (30) എന്നിവരാണ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ചെല്ലങ്കാവ് ആദിവാസി കോളനിയിലുള്ളവരാണ് മരിച്ചത്.സ്പിരിറ്റോ , സാനിറ്റൈസറോ മദ്യത്തില്‍ ചേര്‍ത്തെന്നാണ് സംശയം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി പറഞ്ഞു. അടക്കം ചെയ്ത മൃതദേഹങ്ങള്‍ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും. ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വന്നതിന് ശേഷമേ മരണകാരണം വ്യക്തമാകു. ലഹരിക്ക് വീര്യം കൂട്ടാന്‍ സാനിറ്റൈസറോ സ്പിരിറ്റോ ഉപയോഗിച്ചെന്നാണ് പ്രാഥമിക നിഗമനം.