തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട എം.ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. ശിവശങ്കറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ആരോപിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള തയാറെടുപ്പിലാണ് കസ്റ്റംസ്.ശിവശങ്കറിന് ചികിത്സ തുടരണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ട നിര്‍ണായക മെഡിക്കല്‍ ബോര്‍ഡ് യോഗവും ഇന്ന് ചേരും. നടുവിനും കഴുത്തിനും വേദനയെന്നാണ് ശിവശങ്കര്‍ ഇന്നലെ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നത്.ഇതനുസരിച്ച് വിവിധ പരിശോധനകളും നടത്തിയിട്ടുണ്ട്. ഇന്നലെ ഞായറാഴ്ചയായതിനാല്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നില്ല. പരിശോധനാ ഫലം വിലയിരുത്തി ശിവശങ്കറിന്റെ തുടര്‍ചികിത്സയുടെ കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമെടുക്കും.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തില്‍ ഐസിയുവില്‍ കഴിയുന്ന എം ശിവശങ്കറിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. കടുത്ത നടുവേദന തുടരുന്നതായി ശിവശങ്കര്‍ ഡോക്ടര്‍മാരെ അറിയിച്ചിട്ടുണ്ട്.ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡ് ഇന്ന് പുറത്തിറക്കുന്ന ബുള്ളറ്റിന്‍ ശിവശങ്കറിനെതിരായ കസ്റ്റംസിന്‍റെ തുടര്‍ നടപടികളില്‍ നിര്‍ണായകമാകും.ന്യൂറോ സര്‍ജറി, ന്യൂറോളജി, ഹൃദ്രോഗ വിഭാഗം ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്നതാണ് മെഡിക്കല്‍ ബോര്‍ഡ്. വിദഗ്‍ധ പരിശോധനയ്ക്ക് ചികിത്സ ആശുപത്രിയില്‍ തന്നെ തുടരാന്‍ മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്താല്‍ കസ്റ്റംസ് നീക്കങ്ങള്‍ക്ക് തല്‍ക്കാലം തിരിച്ചടിയാകും. കസ്റ്റംസ് തീരുമാനിച്ചത് പോലെ ചോദ്യം ചെയ്യലോ അറസ്റ്റോ ഉള്‍പ്പെടെയുള്ള നടപടികള്‍ ഉടന്‍ നടന്നേക്കില്ല. ആശുപത്രിയില്‍ നിന്ന് ഡിസ്‍ചാര്‍ജ് നല്‍കിയാലും ശിവശങ്കറിനോട് വിശ്രമം നിര്‍ദ്ദേശിക്കാനാണ് സാധ്യത.