തിരുവനന്തപുരം:അൻപതാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 119 ചിത്രങ്ങളാണ് ഇത്തവണ മാറ്റുരച്ചത്. മികച്ച നടനും നടിക്കുമായി കടുത്ത മത്സരമാണ് നടന്നത്. മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂടും, നടി കനി കുസൃതിയുമാണ്. സിജു വില്‍സണ്‍ നിര്‍മിച്ച വാസന്തിയാണ് മികച്ച ചിത്രം. ബിബിന്‍ ചന്ദ്രന്‍റെ ‘മാടമ്പള്ളിയിലെ മനോരോഗി’ ആണ് മികച്ച ചലച്ചിത്ര ലേഖനം. മികച്ച ഗായകന്‍ നജീം അര്‍ഷാദാണ്. ഗായിക മധുശ്രീ നാരായണ്‍. ജെല്ലിക്കെട്ട് എന്നചിത്രത്തിലൂടെ മികച്ച സംവിധായകനുളള പുരസ്കാരം ലിജോ ജോസ് പല്ലിശ്ശേരിയും നേടി. നിവിന്‍ പോളിയും, നടി അന്ന ബെന്നും പ്രത്യേക പരാമര്‍ശം നേടി.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ അഭിനയമാണ് സുരാജിനെ ഒരിക്കല്‍ക്കൂടി മികച്ച നടനാക്കിയത്. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കനി കുസൃതി ആദ്യമായി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തില അഭിനയത്തിന് ഫഹദ് ഫാസില്‍ മികച്ച സ്വഭാവനടനും വാസന്തിയിലെ അഭിനയത്തിന് സ്വാസിക വിജയ് മികച്ച സ്വഭാവനടിക്കുമുളള അവാര്‍ഡുകള്‍ സ്വന്തമാക്കി. മൂത്തോനിലെ അഭിനയത്തിന് നിവന്‍ പോളിയും ഹെലനിലെ അഭിനയത്തിന് അന്നബെന്നും അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം കരസ്ഥമാക്കി.ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്ബാട്ട് ആയിരുന്നു ജൂറി ചെയര്‍മാന്‍. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍, സൗണ്ട് എന്‍ജിനീയര്‍ എസ് രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍, ചലച്ചിത്ര അക്കാദമി മെമ്പർ സെക്രട്ടറി സി അജോയ് എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.