കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിക്കെതിരെ ഉയര്‍ന്ന അഴിമതിയുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. രണ്ട് മാസത്തേക്കാണ് സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. ഇപ്പോഴത്തെ രാഷ്‌ട്രീയ സാഹചര്യത്തില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പിണറായി സര്‍ക്കാരിന് ആശ്വാസമേകും. സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി സ്‌റ്റ് അനുവദിച്ചിരിക്കുന്നത്. രണ്ട് മാസത്തിനു ശേഷം കേസ് പരിഗണിക്കും.ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. സി.ബി.ഐ അന്വേഷണ ഉത്തരവ് ചോദ്യം ചെയ്ത് ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസും യൂനിടാക് എം.ഡി സന്തോഷ് ഈപ്പനുമാണ് ഹരജി നല്‍കിയത്. വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിനെ കുറിച്ച് അന്വേഷിക്കാൻ സിബിഐയ്ക്ക് അധികാരമില്ലെന്നാണ് സർക്കാര്‍ വാദിച്ചത്.എന്നാല്‍, യൂണിടാക് എംഡി സന്തോഷ് ഈപ്പനെതിരായ അന്വേഷണത്തില്‍ സിബിഐയ്‌ക്ക് മുന്നോട്ടു പോകാമെന്ന് കോടതി വ്യക്തമാക്കി. വിദേശ സഹായ നിയന്ത്രണ നിയമം (എഫ് സി ആര്‍ എ) ലംഘിക്കപ്പെട്ടു എന്നതിന് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രഥമദൃഷ്‌ട്യാ തെളിവില്ലാത്തതുകൊണ്ടാണ് സ്‌റ്റേ അനുവദിച്ചതെന്നാണ് സൂചന.