Kerala, News

മാനദണ്ഡങ്ങൾ പാലിച്ച് കൊവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കും;നടപടി രോഗിയെ പുഴുവരിച്ച സംഭവത്തെ തുടര്‍ന്ന്

keralanews bystanders allowed for covid patients admitted in hospitals following the criteria

തിരുവനന്തപുരം: കൊവിഡ് ബാധിച്ച്‌ ആശുപത്രികളില്‍ ചികിത്സയിലുളള പരിചരണം ആവശ്യമുളള രോഗികള്‍ക്ക് മാനദണ്ഡങ്ങൾ പാലിച്ച് കൂട്ടിരിപ്പുകാരെ അനുവദിക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്. ഇതു സംബന്ധിച്ച്‌ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. കൊവിഡ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നതിന് പ്രത്യേക നിര്‍ദേശങ്ങളൊന്നും നിലവില്ലാത്ത സാഹചര്യത്തിലാണ് ആശുപത്രി സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ രോഗിയെ പുഴുവരിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് നടപടി. രോഗിയുടെ ബന്ധുവിന് കൂട്ടിരിപ്പുകാരനാകാം. കൂട്ടിരിക്കുന്നയാള്‍ ആരോഗ്യവാനായ വ്യക്തിയായിരിക്കണം. നേരത്തെ കൊവിഡ് പോസിറ്റീവായ വ്യക്തിയാണെങ്കില്‍ നെഗറ്റീവായി ഒരു മാസം കഴിഞ്ഞിരിക്കണം. ഇവര്‍ രേഖാമൂലമുള്ള സമ്മതം നല്‍കേണ്ടതാണ്.കൂട്ടിരിക്കുന്ന ആളിന് പി.പി.ഇ കിറ്റ് അനുവദിക്കും. കൂട്ടിരിക്കുന്നയാള്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും വ്യവസ്ഥയുണ്ട് കൊവിഡ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശാനുസരണം സൂപ്രണ്ടുമാര്‍ പരിചരണം ഉറപ്പാക്കാനുളള ക്രമീകരണം നടത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. രോഗിയുടെ അവസ്ഥ മനസിലാക്കി കൊവിഡ് മെഡിക്കല്‍ ബോര്‍ഡിന് തീരുമാനം എടുക്കാം.

Previous ArticleNext Article