Kerala, News

സ്വർണ്ണക്കടത്ത് കേസ്;ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

keralanews gold smuggling case customs will again question sivasankar today

കൊച്ചി: സ്വര്‍ണ കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലെ ഓഫീസില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. കേസിലെ പ്രധാന പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിന് ശേഷമാണ് കസ്റ്റംസ് എം ശിവശങ്കറിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. ശിവശങ്കര്‍ ഇപ്പോഴും സംശയനിഴലില്‍ തുടരുന്നുവെന്നാണ് കസ്റ്റംസ് നിലപാട്.ചോദ്യം ചെയ്യലിനായി കസ്റ്റംസ് പ്രത്യേകം ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. എന്‍ഫോഴ്സ്‌മെന്റ് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ വിശദാംശങ്ങളും ഡിജിറ്റല്‍ തെളിവുകളും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇന്നലെത്തന്നെ ശേഖരിച്ചു. ഇവയുടെ അടിസ്ഥാനത്തിലുള്ള ചോദ്യാവലിയാണ് കസ്റ്റംസ് തയ്യാറാക്കിയിരിക്കുന്നത്.ഇ.ഡി സമര്‍പ്പിച്ച കുറ്റപത്രത്തിനൊപ്പം ശിവശങ്കറും വേണുഗോപാലും തമ്മിലുള്ള വാട്സ് ആപ്പ് സന്ദേശങ്ങളില്‍ സാമ്പത്തിക ഇടപാടുകളെ കുറിച്ച്‌ പറയുന്നുണ്ട്.35 ലക്ഷത്തിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇരുവരും വാട്സ് ആപ്പ് ചാറ്റുകളില്‍ പറയുന്നത്. ഈ പണത്തിന്റെ ഉറവിടം അടക്കമുള്ള വിശദാംശങ്ങള്‍ കസ്റ്റംസ് ശിവശങ്കറിനോട് തേടും.വ്യക്തമായ ഉത്തരം നല്‍കാന്‍ ശിവശങ്കറിന് കഴിയാതെ വന്നാല്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ക്കും സാദ്ധ്യതയേറെയാണ്. സ്വപ്ന കൊണ്ടുവന്ന 30 ലക്ഷം രൂപ സൂക്ഷിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളാണ് ശിവശങ്കര്‍ നല്‍കിയത്. സ്വപ്നയ്ക്ക് പുറമെ സാറ എന്ന പേരുകാരിയുടെ കൈവശം പണമെന്ന് സംശയിക്കാവുന്ന എന്തോ കൊടുത്തുവിടാന്‍ വേണുഗോപാല്‍ ആവശ്യപ്പെടുന്നതും അത് കൈപ്പറ്റിയെന്ന് ഉറപ്പു വരുത്തിയതായി ശിവശങ്കര്‍ ‘ഒ.കെ.’ പറഞ്ഞതായും ഇ.ഡി കുറ്റപത്രത്തില്‍ പറയുന്നുണ്ട്. വേണുഗോപാലില്‍ നിന്ന് ശിവശങ്കറിന്റെ മൂന്ന് വര്‍ഷത്തെ ആസ്തികളുടെയും വരുമാനത്തിന്റെയും തെളിവുകള്‍ കസ്റ്റംസ് നേരത്തെ തന്നെ ശേഖരിച്ചിരുന്നു.വാട്സാപ് സന്ദേശങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങളോടു ശിവശങ്കര്‍ വ്യക്തമായി പ്രതികരിച്ചില്ലെന്നും ഇഡി കുറ്റപത്രത്തില്‍ പറയുന്നു. എം.ശിവശങ്കറും വേണുഗോപാല്‍ അയ്യരും തമ്മില്‍ പലപ്പോഴായി നടത്തിയ വാട്സാപ് ചാറ്റുകള്‍ – കുറ്റപത്രത്തിന് അനുബന്ധമായി ഇഡി നല്‍കിയത്. ചോദ്യം ചെയ്യലില്‍ ഇവവിശദീകരിക്കാന്‍ എം.ശിവശങ്കര്‍ തയാറായില്ല. സ്വര്‍ണക്കടത്തിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച പ്രാഥമിക കുറ്റപത്രത്തില്‍ പ്രതിയല്ലാതിരുന്നിട്ടും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളാണ് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉന്നയിച്ചത്. ഈ സാഹചര്യത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചത്. സ്വപ്ന സുരേഷും ശിവശങ്കറും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന കണ്ടെത്തലും നിര്‍ണായകമാണ്.

Previous ArticleNext Article