Kerala, News

കോവിഡ് രോഗിയായ വയോധികനെ പുഴുവരിച്ച സംഭവത്തിൽ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍; മെഡിക്കല്‍ കോളേജുകളിലെ ഡോക്‌ടര്‍മാര്‍ ഒ പി ബഹിഷ്‌കരിക്കുന്നു

keralanews suspension of staff members doctors in government medical college call for statewide op boycott today

തിരുവനന്തപുരം:കോവിഡ് രോഗിയായ വയോധികനെ പുഴുവരിച്ച സംഭവത്തിൽ മെഡിക്കല്‍ കോളജിലെ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്‌ത നടപടിയിൽ പ്രതിഷേധം വ്യാപകമാക്കി ഡോക്‌ടര്‍മാരുടെ സംഘടനകള്‍.സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും രണ്ടു മണിക്കൂര്‍ ഒ.പി ബഹിഷ്‌കരിച്ച്‌ കൊണ്ടുളള ഡോക്‌ടര്‍മാരുടെ പ്രതിഷേധ സമരം തുടങ്ങി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സൂചന സമരത്തിനും, റിലേ സത്യാഗ്രഹത്തിനും പിന്നാലെയാണ് ഒ.പി ഉള്‍പ്പടെ ബഹിഷ്‌കരിച്ച്‌ ഡോക്‌ടര്‍മാര്‍ പ്രതിഷേധം വ്യാപിപ്പിക്കുന്നത്. ഡിസ്ചാര്‍ജ് ചെയ്‌ത കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്ത ഡോക്ടര്‍മാരെ തിരിച്ചെടുക്കുന്നത് വരെ സമരം തുടരണമെന്നാണ് ഡോക്ടര്‍മാരുടെ സംഘടനകളുടെ തീരുമാനം. കൊവിഡ് ചികിത്സ, അത്യാഹിത വിഭാഗം, ഐ.സി.യു എന്നീ വിഭാഗങ്ങളെ ബാധിക്കാതെയാണ് ഡോക്‌ടര്‍മാര്‍ പ്രതിഷേധിക്കുന്നത്. എന്നിട്ടും സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ നാളെ മുതല്‍ അനിശ്ചിത കാലത്തേക്ക് ഒ.പി ബഹിഷ്‌കരിക്കാനാണ് നിലവിലെ ആലോചന.അതേസമയം കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്നാണ് രോഗിയുടെ ബന്ധുക്കളുടെ ആവശ്യം. ഇതോടെ ആരോഗ്യ വകുപ്പ് സമ്മര്‍ദത്തിലായിരിക്കുകയാണ്. കൊവിഡ് സാഹചര്യത്തില്‍ സമരം തുടര്‍ന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. അതിനാല്‍ തന്നെ പ്രതിഷേധക്കാരുമായി വീണ്ടും ചര്‍ച്ചയുണ്ടായേക്കും.രോഗിയെ പുഴുവരിച്ച സംഭവത്തില്‍ കൊവിഡ് നോഡല്‍ ഓഫീസറെയും രണ്ട് ഹെഡ് നഴ്‌സുമാരെയും കഴിഞ്ഞ 18നാണ് ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ വിശദമായ അന്വേഷണം തുടരുകയാണ്. ജീവനക്കാരുടെ സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച്‌ എല്ലാ മെഡിക്കല്‍ കോളജുകളിലേയും കൊവിഡ് നോഡല്‍ ഓഫീസര്‍മാര്‍ കൂട്ടമായി രാജിവെച്ചിരുന്നു.

Previous ArticleNext Article