India, News

മൊറട്ടോറിയം കാലയളവിലെ വായ്പ പലിശക്ക് പിഴപലിശ ഈടാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; ആനുകൂല്യം രണ്ടു കോടി വരെയുള്ള വായ്പകള്‍ക്ക്

keralanews central government will not charge penalty interest on loans during the moratorium period benefit for loans up to rs 2 crore

ന്യൂഡൽഹി: മോറട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍.രണ്ട് കോടി വരെയുള്ള വായ്പകള്‍ക്ക് ആണ് ഇളവ് അനുവദിക്കുക എന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. പിഴ പലിശ ഒഴിവാക്കുന്നതിലൂടെ 6000 കോടി രൂപയുടെ ബാധ്യത ബാങ്കുകള്‍ക്ക് ഉണ്ടാകും എന്നാണ് വിലയിരുത്തല്‍. മൊറട്ടോറിയം കാലയളവിലെ പലിശ പൂര്‍ണ്ണമായും എഴുതി തള്ളിയാല്‍ ബാങ്കുകള്‍ക്ക് ആറ് ലക്ഷം കോടി യുടെ ബാധ്യത ഉണ്ടാകും എന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് ബാങ്കുകളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കും എന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാര്‍ഡ് കുടിശിക, വാഹന വായ്പ, വ്യക്തിഗത വായ്പ, വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി എടുത്ത വായ്പ എന്നിവയ്ക്ക് ആണ് ഇളവ് ലഭിക്കുക. രണ്ട് കോടി രൂപയ്ക്ക് മുകളില്‍ ഉള്ള വായ്പയ്ക്ക് ഈ ആനുകൂല്യം ലഭിക്കില്ല എന്നും സത്യവാങ്മൂലത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.ലോക് ഡൗണിനെ തുടര്‍ന്ന് വായ്പകള്‍ക്ക് മൊറോട്ടോറിയം ഏര്‍പ്പെടുത്തിയ മാര്‍ച്ച്‌ മുതല്‍ ഓഗസ്റ്റ് വരെയുള്ള ആറ് മാസ കാലയളവില്‍ പലിശയ്ക്ക് പിഴ പലിശ ഏര്‍പെടുത്തില്ലെന്നാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.വായ്പകള്‍ നിഷ്‌ക്രീയ ആസ്തിയായി പ്രഖ്യാപിക്കല്‍, ക്രെഡിറ്റ് റേറ്റിംഗ് കുറയ്ക്കല്‍ തുടങ്ങിയ വിഷയങ്ങളിലും ഇളവുകള്‍ ഏർപ്പെടുത്തിയിട്ടുണ്ട് എന്നും കേന്ദ്ര ധനകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി ആദിത്യ കുമാര്‍ ഘോഷ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

Previous ArticleNext Article