Kerala, News

സംസ്ഥാനത്തെ നിരോധനാജ്ഞ; ഉത്തരവില്‍ വ്യക്തത വരുത്തി ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത

keralanews prohibitory order in the state chief secretary vishwas mehta clarified the order

തിരുവനന്തപുരം:കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് നാളെ മുതൽ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ ഉത്തരവില്‍ വ്യക്തത വരുത്തി ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത.പൊതുസ്ഥലത്ത് ആളുകള്‍ കൂട്ടംകൂടുന്നതും സംഘടിക്കുന്നതും രോഗവ്യാപനത്തിന് വഴിവെക്കുന്നതിനാല്‍ നാളെ രാവിലെ മുതല്‍ ഒക്ടോബര്‍ 30 വരെ അഞ്ച് പേരില്‍ കൂടുതല്‍ സംഘം ചേരുന്നത് അനുവദിക്കാനാകില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറി വ്യക്തത വരുത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗണ്‍ ഇല്ലെന്നും കടകള്‍ അടച്ചിടില്ലെന്നും അദ്ദേഹം അറിയിച്ചു.സമ്പൂർണ്ണ  ലോക്ഡൗണ്‍ അല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എവിടെയൊക്കെയാണ് രോഗവ്യാപനം എന്നും എവിടെയൊക്കെയാണ് നിയന്ത്രണം വേണ്ടത് എന്നും പരിശോധിച്ച്‌ ജില്ലാ കളക്ടര്‍മാര്‍ക്ക് ഉചിതമായ നടപടിയെടുക്കാം. സമ്പൂർണ്ണ ലോക്ഡൗണ്‍ നടപ്പാക്കുന്നതില്‍ അര്‍ഥമില്ലെന്നും ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത വ്യക്തമാക്കി.ഓരോ പ്രദേശത്തെയും സാഹചര്യം കണക്കിലെടുത്ത് കളക്ടര്‍മാര്‍ക്ക് 144 അനുസരിച്ച്‌ നടപടിയെടുക്കാമെന്നതാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.അതേസമയം പാര്‍ക്കിലും ബീച്ചിലും ആള്‍ക്കൂട്ടം അനുവദിക്കില്ലെന്ന് ഡി ജി പി വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ നാളെ രാവിലെമുതല്‍ സംസ്ഥാനത്ത് ആള്‍ക്കൂട്ടങ്ങള്‍ നിരോധിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.ഒരു സമയം അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടംകൂടാന്‍ പാടില്ലെന്നതാണ് ഇതിലെ പ്രധാന നിര്‍ദ്ദേശം. അഞ്ചുപേരില്‍ കൂടുതല്‍ പൊതുഇടങ്ങളില്‍ കൂട്ടംകൂടിയാല്‍ ക്രിമിനല്‍ നടപടിച്ചട്ടം 144 പ്രകാരം നടപടി സ്വീകരിക്കും. എന്നാല്‍ മരണം, വിവാഹച്ചടങ്ങുകള്‍ എന്നിവയ്ക്ക് നിലവിലെ ഇളവുകള്‍ തുടരും.തീവ്രബാധിത മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങളായിരിക്കും ഏര്‍പ്പെടുത്തുക. ജില്ലയിലെ സ്ഥിതി വിലയിരുത്തി ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് ആവശ്യമായ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാം.

Previous ArticleNext Article