Kerala, News

കോവിഡ് മുക്തയായ ഗര്‍ഭിണിയ്ക്ക് ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇരട്ടകുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

keralanews health minister ordered for inquiry in the death of twin babies after denied treatment to pregnant lady

കോഴിക്കോട്:കോവിഡ് മുക്തയായ പൂര്‍ണ ഗര്‍ഭിണിയ്ക്ക് ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇരട്ടകുഞ്ഞുങ്ങള്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധം വ്യാപകമാവുന്നതിനിടെ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജ.മഞ്ചേരി മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ടുയര്‍ന്ന സംഭവം വളരെ വേദനാജനകമാണെന്ന് ചൂണ്ടിക്കാട്ടിയ ആരോഗ്യമന്ത്രി വിഷയം അന്വേഷിച്ച്‌ എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. രണ്ട് സര്‍ക്കാര്‍ ആശുപത്രികളടക്കം അഞ്ച് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിന് പിന്നാലെ 14 മണിക്കൂറാണ് കൊണ്ടോട്ടി കീഴിശ്ശേരി സ്വദേശിനിയായ ഷഹലയ്ക്ക് ചികില്‍സ വൈകിയത് എന്നാണ് ആരോപണം. ഗര്‍ഭിണിയും കോവിഡ് ബാധിതയുമായിരുന്ന സഹല മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് കോവിഡ് ചികിത്സ പൂര്‍ത്തിയാക്കി രണ്ട് ദിവസം മുൻപാണ് വീട്ടിലേക്ക് പോയത്. പിന്നാലെ കഴിഞ്ഞ ദിവസം കടുത്ത വേദനയെ തുടർന്ന് പുലര്‍ച്ചെ തിരികെ ആശുപത്രിയില്‍ എത്തി.എന്നാല്‍ കൊവിഡ് ചികിത്സ പൂര്‍ത്തിയാക്കിയതിനാല്‍ കൊവിഡ് ആശുപത്രിയായ മഞ്ചേരിയില്‍ പ്രവേശിപ്പിക്കാനാകില്ലെന്ന് അധികൃതര്‍ നിലപാടാണ് സ്വീകരിക്കുകയായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ അഞ്ച് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചെന്നാണ് ഭര്‍ത്താവ് ഷെരീഫിന്റെ പരാതി. സ്വകാര്യ ആശുപത്രികള്‍ ആര്‍ടി പിസിആര്‍ ഫലം വേണമെന്ന് നിര്‍ബന്ധം പിടിച്ചെന്ന് ഷെരീഫ് പറയുന്നു.ചികില്‍സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത് തരണമെന്ന ആവശ്യവും മഞ്ചേരി മെഡിക്കല്‍ കോളേജ് അധികൃതര്‍ നിഷേധിച്ചതോടെയായിരുന്നു കുടുംബം യുവതിയുമായി സ്വകാര്യ അശുപത്രിയിലേക്ക് നീങ്ങിയത്. ഉച്ചയോടെ കോട്ടപ്പറമ്പ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോയെങ്കിലും അവിടെ ഡോക്ടര്‍മാര്‍ ഇല്ലായിരുന്നു. പിന്നീട് കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി ശാന്തി ആശുപത്രിയെ സമീപിച്ചെങ്കിലും ആര്‍ടി പിസിആര്‍ പരിശോധന ഫലം ഉണ്ടെങ്കിലെ അഡ്മിറ്റ് ചെയ്യാന്‍ കഴിയുള്ളു എന്ന് നിലപാട് എടുത്തു. മറ്റ് രണ്ട് സ്വകാര്യ ആശുപത്രികളെ സമീപിച്ചപ്പോഴും ഇത് തന്നെയായിരുന്നു മറുപടി. തുടര്‍ന്ന് വൈകിട്ടോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴേയ്ക്കും ഒരു പാട് വൈകിയിരുന്നു. പിന്നീട് ശസ്ത്രക്രിയയിലൂടെ കുട്ടികളെ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു.

Previous ArticleNext Article