തിരുവനന്തപുരം:സമൂഹ മാധ്യമങ്ങളിൽ സ്ത്രീകളെ അധിക്ഷേപിച്ച യുട്യൂബര്‍ ഡോ വിജയ് പി നായരുടെ ദേഹത്ത് കരി ഓയിൽ ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു. വിജയ് പി നായരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഡബ്ബിംങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുമായ ദിയ സന, ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇന്നലെ രാത്രി വൈകിയാണ് വിജയ് പി നായർ ഇവർക്കെതിരെ തമ്പാനൂർ പൊലീസിൽ പരാതി നൽകിയത്. ഓഫീസിൽ അതിക്രമിച്ചു കയറി, ഭീഷണിപ്പെടുത്തി കൈയ്യേറ്റം ചെയ്തു മൊബൈൽ കൊണ്ടുപോയി എന്നീ കാര്യങ്ങൾ ചേർത്താണ് പരാതി നൽകിയിരിക്കുന്നത്. മൊബൈൽ ഫോൺ, ലാപ്പ് ടോപ്പ് എന്നിവ അപഹരിച്ചെന്ന പരാതിയില്‍ മൂന്ന് പേർക്കുമെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
മലയാള സിനിമയിലെ ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ കുറിച്ചും കേരളത്തിലെ സ്ത്രീപക്ഷവാദികളെ കുറിച്ചും മറ്റും വിജയ് നടത്തിയ പരാമര്‍ശങ്ങളുടെ പേരിലായിരുന്നു പ്രതിഷേധം. സ്ത്രീകളെ പുലഭ്യം പറയരുത് എന്ന് പറഞ്ഞായിരുന്നു ഇയാളുടെ ദേഹത്ത് കരി ഓയില്‍ ഒഴിച്ചത്. ഇതിന്റെ വീഡിയോ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തിരുന്നു. നടിയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും ആക്ടിവിസ്റ്റും റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുമായ ദിയ സനയുമാണ് പ്രതിഷേധിച്ചത്.വിഡിയോയിൽ ഭാഗ്യലക്ഷ്മിയും സനയും വിജയ് പി നായരെ മർദിക്കുകയും ഒടുവിൽ മാപ്പ് പറയിക്കുകയും ചെയ്യുന്നുണ്ട്. പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്ത സാചര്യത്തിലാണ് പ്രതിഷേധിച്ചതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. സ്റ്റാച്യുവില്‍ ഗാന്ധാരിയമ്മന്‍ കോവിലില്‍ വിജയ് പി നായര്‍ താമസിക്കുന്ന ലോഡ്ജ് മുറിയിലെത്തിയായിരുന്നു ആക്രമണം.ഭാഗ്യലക്ഷ്മി, ദിയ സന എന്നിവരുടെ പരാതിയില്‍ വിജയ് പി നായര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സ്ത്രീകളോട് അപമര്യാദയയായി പെരുമാറിയതിനാണ് കേസെടുത്തിരിക്കുന്നത്.