ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരായ പ്രക്ഷോഭം രാജ്യത്ത് ആളിക്കത്തുന്നു. 265 കര്‍ഷക സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത പ്രതിഷേധം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ സ്തംഭിപ്പിച്ചു. പ്രക്ഷോഭകര്‍ റോഡും റെയില്‍ ട്രാക്കുകളും ഉപരോധിച്ചു. പ്രതിഷേധത്തെത്തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കി. ഹരിയാനയിലും പഞ്ചാബിലുമാണ് ശക്തമായ പ്രതിഷേധം അലയടിച്ചത്. പഞ്ചാബില്‍ ട്രെയിന്‍ തടയല്‍ സമരം മൂന്നാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്. അമ്ബാലയിലെ ഹരിയാന- പഞ്ചാബ് അതിര്‍ത്തി അടച്ചു. വിവിധ ദേശീയപാതകള്‍ സമരക്കാര്‍ ഉപരോധിച്ചു. പഞ്ചാബിലും ഹരിയാനയിലും വാഹന-ട്രെയിന്‍ ഗതാഗതത്തെ പോലും കര്‍ഷക സമരം ബാധിച്ചു. ഡെല്‍ഹിയിലേക്ക് നീങ്ങിയ കര്‍ഷക മാര്‍ച്ചുകള്‍ അതിര്‍ത്തികളില്‍ പൊലീസ് തടഞ്ഞു. 265 കര്‍ഷക സംഘടനകള്‍ ചേര്‍ന്ന് പ്രഖ്യാപിച്ച പ്രക്ഷോഭത്തില്‍ രാജ്യത്തിന്റ വിവിധ ഭാഗങ്ങളില്‍ റോഡ്-റെയില്‍ ഗതാഗതം തടഞ്ഞു. ബില്‍ പിന്‍വലിക്കും വരെ സമരം തുടരുമെന്ന് പ്രതിഷേധകര്‍ ദേശീയ മാധ്യമങ്ങളെ അറിയിച്ചു.കര്‍ഷകമാര്‍ച്ചുകള്‍ തടയുന്നതിന് ഡല്‍ഹി അതിര്‍ത്തികള്‍ കനത്ത പോലിസ് കാവലിലാണ്. അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ (എഐകെഎസ് സിസി) നേതൃത്വത്തില്‍ കര്‍ഷക സംഘടനകള്‍ ആഹ്വാനംചെയ്ത ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ കര്‍ഷകരും തൊഴിലാളികളും ഇതര ജനവിഭാഗങ്ങളും ഒറ്റക്കെട്ടായി പ്രതിഷേധത്തില്‍ അണിനിരന്നു. കോ-ഓഡിനേഷന്‍ കമ്മിറ്റിയുമായി സഹകരിക്കാത്ത നിരവധി സംഘടനകളും സമരത്തില്‍ പങ്കാളികളായി.റോഡ് ഉപരോധം, ട്രെയിന്‍ തടയല്‍, ഗ്രാമീണ ബന്ദ് റാലികള്‍, ബില്ലുകളുടെ കോപ്പി കത്തിക്കല്‍ തുടങ്ങിവിവിധ പ്രതിഷേധ രൂപങ്ങള്‍ രാജ്യമെമ്പാടും അലയടിച്ചു. ഡല്‍ഹി ജന്തര്‍ മന്ദിറില്‍ കര്‍ഷകപ്രസ്ഥാനങ്ങളുടെയും ട്രേഡ് യൂനിയനുകളുടെയും വിദ്യാര്‍ഥി-മഹിളാ സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. രാജ്യവ്യാപകമായി 20,000 ത്തോളം സ്ഥലങ്ങളില്‍ പ്രതിഷേധം നടന്നതായി എഐകെഎസ്സിസി ജനറല്‍ സെക്രട്ടറി അവിക് സാഹ പറഞ്ഞു.അതേസമയം കര്‍ഷക പ്രക്ഷോഭം ശക്തമായതോടെ കര്‍ഷകര്‍ക്ക് വേണ്ടി നിലകൊള്ളുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും ചിലര്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്തെത്തി. കര്‍ഷകരെ ഏറ്റവും അധികം സഹായിച്ചത് ബിജെപിയും എന്‍ഡിഎയുമാണെന്ന് നരേന്ദ്ര മോദി പറഞ്ഞു.