കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടിനെ കുറിച്ച് അന്വേഷണം ആരംഭിച്ച് സിബിഐ. ഫോറിന്‍ കോണ്ട്രിബൂഷന്‍ റെഗുലേഷന്‍ ആക്‌ട് പ്രകാരം ആണ് സിബിഐ കേസ് എടുത്തിരിക്കുന്നത്.കേസ് രജിസ്റ്റര്‍ ചെയ്തതായി കാണിച്ച് സിബിഐ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വര്‍ണക്കത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കമ്മീഷന്‍ കൈപ്പറ്റിയെന്ന വെളിപ്പെടുത്തല്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. വിദേശത്ത് നിന്നും ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടലംഘനം ലൈഫ് മിഷനില്‍ ഉണ്ടായി എന്നതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്നയും സരിത്തും സന്ദീപും ലൈഫ് മിഷന്‍ പദ്ധതി കേരളത്തില്‍ കൈക്കാര്യം ചെയ്യുന്ന യൂണിടെക്ക് എംഡിയോട് ഒരു കോടി രൂപ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നതായി കേന്ദ്രഏജന്‍സികള്‍ക്ക് മൊഴി നല്‍കിയിരുന്നു. വടക്കാഞ്ചേരിയില്‍ റെഡ്ക്രസന്റുമായി ചേര്‍ന്ന് 140 അപ്പാര്‍ട്‌മെന്റുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയിയില്‍ കേന്ദ്രാനുമതി ഇല്ലാതെ ഫണ്ട് കൈപറ്റിയതിനാണ് കേസ്.20 കോടി രൂപയുടെ പദ്ധതിയില്‍ 9 കോടിയുടെ അഴിമതി നടന്നതായി ആരോപിച്ച് അനിൽ അക്കര എം.എല്‍.എയാണ് കൊച്ചി യൂണിറ്റിലെ സി.ബി.ഐ എസ്.പിക്കു പരാതി നല്‍കിയത്.