India, News

കാര്‍ഷിക ബില്‍; കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രക്ഷോഭം ഇന്ന് ആരംഭിക്കും

keralanews congress party nationa wide agitation against agriculture bill start today

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകള്‍ക്കെതിരെയുള്ള കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭം ഇന്ന് ആരംഭിക്കും.എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്.കര്‍ഷക സംഘടനകള്‍ നാളെ ഭാരത് ബന്ദിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ബന്ദിന് ആഹ്വാനം നല്‍കിയത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം തുടരുന്ന കര്‍ഷകര്‍ ഇന്ന് മുതല്‍ ട്രെയിന്‍ തടയല്‍ സമരത്തിലേക്ക് കടക്കും. കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച്‌ നടത്തുന്നതിനാല്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പാര്‍ലമെന്‍റ് സമ്മേളനത്തിലെ അവസാന ദിവസമായ ഇന്നലെ നെല്‍കതിരുമായി എത്തി കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുള്ള ദേശവ്യാപക സമരത്തിനും ഭാരതബന്ദിനും പിന്തുണ പ്രഖ്യാപിച്ച്‌ കേന്ദ്ര ട്രെയ്ഡ് യൂണിയനുകള്‍ രംഗത്തെത്തിയിട്ടുണ്ട്. സിഐടിയു, എഐടിയുസി, എച്ച്‌എംഎസ്, എന്‍ടിയുസി, എഐയുടിയുസി, ടിയുസിസി, എസ്‌ഇഡബ്ല്യൂഎ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ ട്രെയ്ഡ് യൂണിയനുകളാണ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.ഹരിയാനയിലെ അംബാലയിലും പഞ്ചാബിലെ അമൃത്സറിലും കര്‍ഷകര്‍ വലിയ തോതില്‍ സംഘടിച്ചിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്ക് കര്‍ഷക മാര്‍ച്ചുകള്‍ തുടരുകയാണ്. പാനിപ്പത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തിയ കര്‍ഷകരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചാണ് തിരിച്ചയച്ചത്. പ്രതിഷേധങ്ങളെ നേരിടാന്‍ ഡല്‍ഹി അതിര്‍ത്തികളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു.

Previous ArticleNext Article