തിരുവനന്തപുരം: നയതന്ത്രബാഗ് വഴി തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റ് എത്തിച്ച മതഗ്രന്ഥങ്ങള്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് സര്‍ക്കാര്‍ വാഹനത്തില്‍ കൊണ്ടുപോയി വിതരണം ചെയ്ത സംഭവത്തില്‍ സി ആപ്റ്റില്‍ വീണ്ടും എന്‍ഐഎ പരിശോധന. ഖുര്‍ആന്‍ കൊണ്ടുപോയ വാഹനത്തിന്റെ യാത്രാ രേഖകള്‍ സംഘം ശേഖരിക്കുന്നു. വാഹനത്തിന്റെ ജിപിഎസ് റെക്കോഡര്‍ എന്‍ഐഎ കസ്റ്റഡിയിലെടുത്തു.രണ്ടാം തവണയാണ് എന്‍ഐഎ സംഘം സി ആപ്റ്റിലെത്തുന്നത്.നേരത്തെ സ്റ്റോര്‍ വിഭാഗത്തിലെ ജീവനക്കാരെയും മതഗ്രന്ഥം കൊണ്ടുപോയ വാഹനങ്ങളിലെ ഡ്രൈവര്‍മാരെയും ചോദ്യം ചെയ്തിരുന്നു. മന്ത്രി കെ. ടി ജലീലിന്റെ നിര്‍ദേശപ്രകാരം ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സി ആപ്റ്റില്‍ എത്തിച്ച 32 പാക്കറ്റ് മതഗ്രസ്ഥങ്ങള്‍ സ്ഥാപനത്തിലെ വാഹനത്തിലാണ് പല സ്ഥലങ്ങളിലെത്തിച്ചത്. നേരത്തെ കസ്റ്റംസും പരിശോധന നടത്തിയിരുന്നു.കസ്റ്റംസ് ശേഖരിച്ച വിവരങ്ങള്‍ കൂടി അടിസ്ഥാനമാക്കിയാണ് എന്‍ഐഎ പരിശോധന.അതേസമയം ഖുറാന് സി ആപ്റ്റിലെത്തിക്കാന്‍ താന്‍ തന്നെയാണ് നിര്‍ദ്ദേശം നല്‍കിയതെന്നും മന്ത്രിയെന്ന നിലയില്‍ നിര്‍വഹിക്കേണ്ട ചുമതല മാത്രമാണ് നിര്‍വഹിച്ചതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ ഇന്നലെ ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.