ഡല്‍ഹി : കോവിഡിനെതിരായ വാക്‌സിന്‍ 100% ഫലപ്രാപ്തി നല്‍കണമെന്നില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്. ഏതെങ്കിലും വാക്‌സിന്‍ 50 മുതല്‍ 100 ശതമാനം വരെ ഫലപ്രാപ്തി പ്രകടിപ്പിച്ചാല്‍ ഉപയോഗത്തിനായി അനുമതി നല്‍കിയേക്കുമെന്നും ഐസിഎംആര്‍ അറിയിച്ചു.ശ്വാസകോശ രോഗങ്ങള്‍ക്ക് 100 ശതമാനം ഫലപ്രാപ്തിയുള്ള മരുന്നുകള്‍ അപൂർവ്വമാണ്.വാക്‌സിനുമായി ബന്ധപ്പെട്ട് മൂന്ന് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. സുരക്ഷിതത്വം, രോഗപ്രതിരോധശേഷി, ഫലപ്രാപ്തി.ഇതില്‍ 50 ശതമാനം ഫലപ്രാപ്തി പ്രകടിപ്പിച്ചാല്‍ അത് സ്വീകരിക്കാവുന്നതാണ്. എങ്കിലും നൂറ് ശതമാനം ഫലപ്രാപ്തിയാണ് ലക്ഷ്യമിടുന്നതെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ് പറഞ്ഞു.നിലവില്‍ പരീക്ഷണം പുരോഗമിക്കുന്ന വാക്‌സിനുകളിലേതെങ്കിലും 50 ശതമാനത്തിനു മുകളില്‍ ഫലം നല്‍കിയാല്‍ പോലും അതു പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമാക്കുമെന്ന സൂചനയും ഐസിഎംആര്‍ നല്‍കി.പരീക്ഷണം അവസാന ഘട്ടത്തിലെത്തിയ വാക്‌സിനുകള്‍ പോലും വിജയിക്കാന്‍ പകുതി സാധ്യത മാത്രമാണുള്ളതെന്നു ലോകാരോഗ്യ സംഘടനയുടെ ഉപദേശക സമിതിയംഗം ഡോ. ഗഗന്‍ദീപ് കാങ് പറഞ്ഞു.വാക്‌സിന്‍ പരീക്ഷണത്തിന്റെ എല്ലാ ഘട്ടങ്ങളിലും എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കണമെന്ന് ഐ.സി.എം.ആര്‍ പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാവര്‍ക്കും വാക്സിനുകള്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ഉറപ്പാക്കുകയും വേണം. പ്രായമായ വ്യക്തികള്‍ ഉള്‍പ്പടെയുളളവരുടെ പ്രാതിനിധ്യം പരീക്ഷണത്തില്‍ ഉണ്ടാകണമെന്നും ഐ.സി.എം.ആര്‍ വ്യക്തമാക്കുന്നു.നിലവില്‍ മൂന്ന് വാക്‌സിനുകളുടെ പരീക്ഷണമാണ് രാജ്യത്ത് നടക്കുന്നത്. ഇന്ത്യയില്‍ ഓക്‌സ്‌ഫോഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിക്കുന്നതിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ കഴിഞ്ഞ ആഴ്ചയാണ് അനുമതി നല്‍കിയത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനാണ് അനുമതി നല്‍കിയത്. ഓക്‌സ്‌ഫോഡ് വികസിപ്പിച്ച വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനിടെ ഒരു വ്യക്തിക്ക് രോഗം ബാധിച്ചതോടെയാണ് വാക്‌സിന്‍ പരീക്ഷണം പാതിവഴിയില്‍ നിര്‍ത്തിയത്.