തിരുവനന്തപുരം: തീവ്രവാദക്കേസില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്ത ഭീകരരെ ഇന്ന് ബംഗളൂരുവിലെത്തിക്കും. ബംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി എന്‍ഐഎ തിരയുന്ന കണ്ണൂര്‍ സ്വദേശി ഷുഹൈബ്, യുപി സ്വദേശി ഗുല്‍നവാസ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. റിയാദില്‍ നിന്ന് നാടുകടത്തി തിരുവനന്തപുരത്ത് എത്തിച്ച് അതീവരഹസ്യമായിട്ടായിരുന്നു എന്‍ഐഎ ഇവരെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ആറേകാലോടെ എത്തിച്ച ഇവരെ മൂന്നുമണിക്കൂര്‍ വിമാനത്താവളത്തിനുള്ളില്‍ ചോദ്യംചെയ്തു.ഇവര്‍ക്കെതിരെ ഇന്റര്‍പോള്‍ വഴി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തീവ്രവാദ കേസില്‍ ഹവാല വഴി പണം എത്തിച്ചത് ഷുഹൈബാണെന്നാണ് അന്വേഷണ ഏജന്‍സി പറയുന്നത്.ബംഗളൂരു സ്ഫോടന കേസിലെ മുപ്പത്തിരണ്ടാം പ്രതിയാണ് ഇയാള്‍. ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവായിരുന്ന കണ്ണൂര്‍ സ്വദേശി തടിയന്റവിട നസീറിന്റെ ഉറ്റ അനുയായിയും സംഘാംഗവുമാണ് ഷുഹൈബ്. അറസ്റ്റ് നടത്താന്‍ കൊച്ചിയില്‍നിന്നുള്ള ഉദ്യോഗസ്ഥരടക്കം എത്തിയിരുന്നു.ഇവര്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത ശേഷമാണ് എന്‍ഐഎയുടെയും റോയുടെയും 25ഓളം ഉദ്യോഗസ്ഥരെത്തിയത്.ഇരുവരും സിമിയുടെ ആദ്യകാല പ്രവര്‍ത്തകരാണ്. പിന്നീട് ഷുഹൈബ് ഇന്ത്യന്‍ മുജാഹിദീനിലേക്കും ഗുല്‍നവാസ് ലഷ്കര്‍ ഇ തൊയിബയിലേക്കും മാറി. ഷുഹൈബ് കേരളത്തില്‍ നിന്നു ഹവാല വഴി തീവ്രവാദ സംഘടനകള്‍ക്ക് പണം എത്തിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.