ന്യൂഡൽഹി:കര്‍ഷക ബില്ലുകള്‍ക്കെതിരെ പ്രതിഷേധിച്ച എംപിമാരെ പുറത്താക്കിയ സംഭവത്തില്‍ വേറിട്ട സമരത്തിന് സാക്ഷിയായി ദില്ലി. സസ്‌പെന്റ് ചെയ്യപ്പെട്ട എംപിമാര്‍ പാര്‍ലമെന്റില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. എന്തുവന്നാലും പിന്നോട്ടില്ലെന്നാണ് എംപിമാരുടെ പ്രഖ്യാപനം.പുറത്താക്കിയ എം. പിമാരെ തിരിച്ചെടുത്തില്ലെങ്കില്‍ പ്രതിപക്ഷം സഭയില്‍ ഉണ്ടാകില്ലെന്ന് കെ.കെ രാഗേഷ് എം.പി വ്യക്തമാക്കി. സിപിഎം അംഗങ്ങളായ കെകെ രാഗേഷ്, എളമരം കരീം, കോണ്‍ഗ്രസ് അംഗങ്ങളായ രാജീവ് സാതവ്, സയ്യിദ് നസീര്‍ ഹുസൈന്‍, രിപുണ്‍ ബോറ, തൃണമൂല്‍ നേതാക്കളായ ദോല സെന്‍, ദെരക് ഒബ്രിയന്‍, എഎപി അംഗം സഞ്ജയ് സിങ് എന്നിവരെയാണ് പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.ഇതുമായി ബന്ധപ്പെട്ട പ്രമേയം ശബ്ദ വോട്ടോടെ സഭ അംഗീകരിക്കുകയായിരുന്നു.സഭയുടെ അന്തസ്സിന് നിരക്കാത്ത രീതിയില്‍ പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഇവര്‍ക്കെതിരെ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. എങ്കിലും അംഗങ്ങള്‍ പുറത്തുപോകാന്‍ തയ്യാറാകാത്തത് നാടകീയ രംഗങ്ങള്‍ക്ക് ഇടയാക്കി.ഇന്നലെയാണ് കാര്‍ഷിക പരിഷ്കരണ ബില്ല് രാജ്യസഭയില്‍ പാസ്സാക്കുന്നതിനിടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ എം.പിമാരെ സസ്പെന്‍ഡ് ചെയ്തത്.പാര്‍ലമെന്ററി-വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് എം.പിമാരെ സസ്പെന്‍ഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്. രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ചുവെന്നാരോപിച്ചാണ് നടപടി.ഞായറാഴ്ചയാണ് കാര്‍ഷിക ബില്ല് രാജ്യസഭയില്‍ പാസായത്. ശബ്ദവോട്ടോടുകൂടിയാണ് ബില്ല് സഭയില്‍ പാസാക്കിയത്. രണ്ട് ബില്ലുകളാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍ 2020, ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നിവയാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്. എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (ഭേദഗതി) ബില്‍ പരിഗണിക്കാനായില്ല.അതേസമയം പുതിയ ബില്ലുകള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടന്നുവരികയാണ്. പഞ്ചാബിലും ഹരിയാനയിലും ഒരു മാസം മുന്‍പ് തന്നെ കര്‍ഷകര്‍ സമരം ആരംഭിച്ചിരുന്നു. തുടര്‍ന്ന് എന്‍.ഡി.എ സഖ്യകക്ഷിയായ ശിരോമണി അകാലിദളില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ രാജിവെച്ചിരുന്നു.