India, Kerala, News

കോവിഡ് 19;അണ്‍ലോക്ക് 4 ഇളവുകള്‍ ഇന്ന് മുതല്‍;സ്കൂളുകളും കോളേജുകളും ഭാഗികമായി തുറക്കാം;പരമാവധി 100 പേര്‍ പങ്കെടുക്കുന്ന ചടങ്ങുകളാകാം

keralanews covid 19 unlock 4 from today schools and colleges partially open maximum 100 peoples can participate in ceremonies

ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലെ നാലാം ഘട്ട ഇളവ് ഇന്ന് മുതല്‍ നിലവില്‍ വരും.പൊതു ചടങ്ങുകള്‍ ആളുകളെ പരിമിതപ്പെടുത്തി നടത്താം. സ്കൂളുകളില്‍ ഭാഗികമായ നിലയില്‍ പ്രവര്‍ത്തിക്കാം തുടങ്ങിയവയാണ് പുതിയ നിര്‍ദേശങ്ങള്‍. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകളുടെ മാര്‍ഗ്ഗനിര്‍ദേശം അനുസരിച്ചാകും ഇളവുകള്‍ വരിക.രണ്ടു നിര്‍ദേശങ്ങളാണ് പ്രധാനമായും അണ്‍ലോക്ക് 4 ല്‍ നടപ്പിലാക്കുക.ഇതില്‍ ആദ്യത്തേത് സ്‌കൂളുകളുമായി ബന്ധപ്പെട്ടവയാണ്. സെപ്തംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ തുറക്കാനുള്ള നിര്‍ദേശമാണ് വെച്ചിരിക്കുന്നത്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള സ്‌കൂളുകളില്‍ അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാര്‍ക്ക് ഭാഗികമായി സ്‌കൂളുകളില്‍ എത്താം. ഇവരുടെ എണ്ണം 50 ശതമാനമാക്കി എണ്ണം കുറയ്ക്കണമെന്നും മതിയായ കോവിഡ് സുരക്ഷ ഉറപ്പാക്കണമെന്നും പറയുന്നു. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള സ്‌കൂളുകളില്‍ ഒൻപതാം ക്ലാസ്സ് മുതല്‍ 12 ആം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്ക് സ്‌കൂളില്‍ എത്തി അദ്ധ്യാപകരെ കാണുന്നതില്‍ തടസ്സമുണ്ടാകില്ല. എണ്ണം കുറച്ച്‌ വേണം ഇക്കാര്യം ചെയ്യാന്‍. എല്ലാവരും ഒരുമിച്ച്‌ വരുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നു. ഇതോടെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ സ്‌കൂളുകളില്‍ ഇരുന്ന് നടത്താന്‍ അദ്ധ്യാപകര്‍ക്ക് അവസരം കിട്ടും.അതേസമയം അന്തിമ തീരുമാനങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും. പല സംസ്ഥാനങ്ങളും സ്‌കൂളുകള്‍ ഭാഗികമായി തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഉടനുണ്ടാകില്ല. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് ലാബ് സൗകര്യം ഉപയോഗിക്കാനാകും. ഓപ്പണ്‍ എയര്‍ തീയറ്ററുകള്‍ക്കും ഇന്നു മുതല്‍ പ്രവര്‍ത്തനാനുമതിയുണ്ട്.അണ്‍ലോക്ക് 4 മായി ബന്ധപ്പെട്ട രണ്ടാമത്തെ നിര്‍ദേശം രാഷ്ട്രീയ, സാംസ്‌ക്കാരിക, മത കൂട്ടായ്മകള്‍ക്ക് അനുമതി നല്‍കുന്നതാണ്. 100 പേര്‍ വരെ പങ്കെടുക്കാവുന്ന കൂട്ടായ്മകള്‍ പക്ഷേ കോവിഡ് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിരിക്കും. വിവാഹം, മരണാനന്തര ചടങ്ങുകളിലും 100 പേര്‍ക്ക് പങ്കെടുക്കാം. പക്ഷേ കൂട്ടായ്മകളില്‍ സാമൂഹ്യ അകലം, സാനിറ്റൈസര്‍, മാസ്‌ക്ക് തുടങ്ങിയ കാര്യങ്ങളെല്ലാം ഉറപ്പാക്കണമെന്നും പറയുന്നു.

Previous ArticleNext Article