എറണാകുളം:മലയാറ്റൂരിലെ ഇല്ലിത്തോട് പാറമടയ്ക്ക് സമീപമുണ്ടായ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. പാറമടയിലെ ജോലിക്കാരായ തൊഴിലാളികളായ തമിഴ്‌നാട് സേലം സ്വദേശി പെരിയണ്ണന്‍ ലക്ഷ്മണന്‍ (40), കര്‍ണാടക ചാമരാജ്‌നഗര്‍ സ്വദേശി ഡി നാഗ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നരയോടെ കെട്ടിടത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു.തൊഴിലാളികള്‍ക്ക് വിശ്രമത്തിനും താമസത്തിനും വേണ്ടി പാറമടയോട് 50 മീറ്റര്‍ അടുത്ത് റബര്‍ തോട്ടത്തില്‍ നിര്‍മിച്ചിരുന്ന കെട്ടിടത്തിലാണ് സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്.ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍, ഇളവുകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഇരുവരും മടങ്ങിയെത്തി. 12 ദിവസം മുൻപാണ് ഇരുവരും പാറമടയില്‍ ജോലിയ്‌ക്കെത്തിയത്. വെടിമരുന്ന് സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു തൊഴിലാളികള്‍. ഒരു മൃതദേഹം അരക്ക് താഴേക്ക് ചിന്നിച്ചിതറിയ നിലയിലായിരുന്നു. മൃതദേഹങ്ങള്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.അപകട കാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ അനുമതിയില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
Kerala, News
എറണാകുളം മലയാറ്റൂരില്‍ പാറമടയില്‍ സ്ഫോടനം; രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ചു
Previous Articleസംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്;2751 പേർക്ക് രോഗമുക്തി