കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കൊച്ചി എന്‍ഐഎ ഓഫീസില്‍ മന്ത്രി കെ ടി ജലീലിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.എട്ടുമണിക്കൂർ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ വൈകിട്ട് അഞ്ച് മണിയോടെയാണ് ജലീല്‍ കൊച്ചി എന്‍.ഐ.എ ഓഫീസില്‍ നിന്ന് പുറക്കേക്കിറങ്ങിയത്.കാറില്‍ കയറുന്നതിന് മുൻപായി തന്നെ ഫോക്കസ് ചെയ്തുവെച്ച ചാനല്‍ ക്യാമറകളെ നോക്കി അദ്ദേഹം കൈവീശിക്കാണിച്ചു. ഇതിന് ശേഷം കാറില്‍ കയറി യാത്ര തുടര്‍ന്ന മന്ത്രി ഗസ്റ്റ് ഹൗസിലേക്ക് എത്തും മുൻപ് മറ്റൊരു വാഹനത്തില്‍ കയറി യാത്രയായി. മന്ത്രി എന്‍ഐഎ ഓഫീസില്‍ നിന്നും എത്തിയ ശേഷം മടങ്ങിയ കാറില്‍ അദ്ദേഹം ഉണ്ടായിരുന്നില്ല.ഇന്ന് മന്ത്രിയില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ പരിശോധിച്ചശേഷമാകും കൂടുതല്‍ നടപടികളിലേക്ക് എന്‍ഐഎ കടക്കുക.യുഎഇ കോണ്‍സുലേറ്റ് വഴിയെത്തിയ മതഗ്രന്ഥങ്ങള്‍ കൈപ്പറ്റി വിതരണം ചെയ്തതിന്റെ മറവില്‍ സ്വര്‍ണ കടത്ത് അല്ലെങ്കില്‍ ഹവാല ഇടപാട് നടന്നിട്ടുണ്ടോ എന്ന സംശയത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയെ എന്‍ഐഎ ചോദ്യം ചെയ്തത്. രാവിലെ 10 ന് ചോദ്യം ചെയ്യലിന് എത്താനായിരുന്നു മന്ത്രി ജലീലിന് എന്‍ഐഎ നിര്‍ദേശം നല്‍കിയത്. എന്നാല്‍ രാവിലെ ആറുമണിയ്ക്ക് മന്ത്രി എത്തുകയായിരുന്നു. മന്ത്രി നേരത്തേ എത്തിയതറിഞ്ഞ് എട്ടേകാലോടെത്തന്നെ എന്‍ഐഎ ഉദ്യോഗസ്ഥരുമെത്തി. തുടര്‍ന്ന് രാവിലെ എട്ടരയോടെ ചോദ്യം ചെയ്യല്‍ തുടങ്ങി.സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷുമായുള്ള മന്ത്രി ജലീലിന്റെ സൗഹൃദം സംബന്ധിച്ചും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയില്‍ മാത്രമാണ് സ്വപ്നയെ പരിചയമെന്നാണ് ജലീല്‍ നേരത്തെ മൊഴി നല്‍കിയിരുന്നത്.