തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ബാലഭാസ്‌കറിന്റെ സുഹൃത്തും, സംഗീതജ്ഞനുമായ സ്റ്റീഫന്‍ ദേവസിയുടെ മൊഴി നാളെ രേഖപ്പെടുത്തും. മരിക്കുന്നതിന് മുൻപ് ബാലഭാസ്‌കര്‍ തന്നോട് സംസാരിച്ചിരുന്നുവെന്ന് സ്റ്റീഫന്‍ നേരത്തെ പറഞ്ഞിരുന്നു. അതേസമയം മരണവുമായി ബന്ധപ്പെട്ടുള്ള ദുരൂഹതകള്‍ നീക്കാനായി നാല് പേരെ നുണപരിശോധനയ്ക്ക് വിധേയമാക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം, അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജ്ജുന്‍, ദൃക്സാക്ഷി കലാഭവന്‍ സോബി എന്നിവരെ നുണ പരിശോധനയ്ക്ക് വിധേയമാക്കാനാണ് സി.ബി.ഐയുടെ തീരുമാനം.അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ച് പരിശോധനയ്ക്ക് സമ്മതമാണോയെന്ന് ആരായാന്‍ നാല് പേരോടും ഇന്ന് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ സമ്മതമറിയിച്ചാല്‍ കോടതി നുണ പരിശോധനയ്ക്ക് അനുമതി നല്‍കും.ബാലഭാസ്കറിന്‍റെ അപകട മരണത്തിന് ശേഷം വിഷ്ണു സോമസുന്ദരവും പ്രകാശന്‍ തമ്പിയും സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളായതോടെയാണ് ഇരുവര്‍ക്കും മരണത്തില്‍ പങ്കുണ്ടെന്ന ആരോപണവുമായി ബാലഭാസ്കറിന്‍റെ കുടുംബം രംഗത്തെത്തിയത്. അപകടസമയത്ത് വാഹനമോടിച്ചിരുന്നതായി കരുതുന്ന അര്‍ജ്ജുന്റെ മൊഴിയില്‍ പിന്നീട് വൈരുധ്യം കണ്ടെത്തിയിരുന്നു.സംഭവം കൊലപാതകമാണെന്നാണ് അപകടത്തിന്‍റെ ദൃക്സാക്ഷിയെന്ന് അവകാശപ്പെടുന്ന കലാഭവന്‍ സോബി സിബിഐ സംഘത്തിന് മൊഴി നല്‍കിയത്. ഇക്കാര്യത്താലാണ് നാല് പേര്‍ക്കും നുണപരിശോധന നടത്താന്‍ സിബിഐ തീരുമാനിച്ചത്. പരിശോധനയ്ക്ക് തയാറാണെന്ന് നാല് പേരും ചോദ്യം ചെയ്യല്‍ വേളയില്‍ സിബിഐ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.