India, News

രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെ പതിനായിരത്തോളം പ്രമുഖരെ ചൈന നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്

keralanews report that china monitoring tens of thousands of dignitaries including the president and prime minister

ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാര്‍, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, സംസ്ഥാന മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രസിഡന്‌റ് സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, സുപ്രീം കോടതി ജഡ്ജി എ എം ഖാന്‍വില്‍ക്കര്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്, കര, വ്യോമ, നാവിക സേനകളുടെ മേധാവികള്‍, ലോക്പാല്‍ ജസ്റ്റിസ് പി സി ഘോഷ്, സിഎജി ജി സി മുര്‍മു, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ രാജ്യത്തെ പ്രധാന ഭരണഘടനാപദവികളിലുള്ളവര്‍ ചൈനയുടെ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട്.ദ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ചൈനയിലെ ഷെന്‍സണ്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സെന്‍ഹ്വ ഡാറ്റ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്ന കമ്പനിയുടെ നിരീക്ഷണത്തിലാണിവര്‍. ചൈനീസ് ഗവണ്‍മെന്റുമായും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും അടുത്ത ബന്ധമുള്ളതാണ് ഈ ടെക്‌നോളജി കമ്പനി. ബിഗ് ഡാറ്റ ഉപയോഗിച്ചുള്ള ഹൈബ്രിഡ് വാര്‍ഫെയര്‍ ആണ് ചൈന നടത്തുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന്‌റെ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ട് പറയുന്നു. 10,000ത്തിലേറെ ഇന്ത്യന്‍ പ്രമുഖ വ്യക്തികളും സംഘടനകളുമാണ് ചൈനയുടെ നിരീക്ഷണവലയത്തിലുള്ളത്. വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ശ്രിംഗ്ള, നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് തുടങ്ങിയവര്‍ ഇതിലുള്‍പ്പെടുന്നു. ഉന്നത ബ്യൂറോക്രാറ്റുകള്‍, ജഡ്ജിമാര്‍, സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികള്‍, ശാസ്ത്രജ്ഞര്‍, അക്കാഡമീഷ്യന്‍സ്, മാധ്യമപ്രവര്‍ത്തകര്‍, അഭിനേതാക്കള്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കമുള്ല വിരമിച്ചവരും നിലവില്‍ രംഗത്തുള്ളവരുമായ കായികതാരങ്ങള്‍, മതനേതാക്കള്‍, ആക്ടിവിസ്റ്റുകള്‍, പണത്തട്ടിപ്പ് കേസുകളിലേയും അഴിമതി കേസുകളിലേയും പ്രതികള്‍, ഭീകരബന്ധമുള്ളവര്‍, ലഹരിമരുന്ന്, സ്വര്‍ണ, ആയുധക്കടത്ത് കേസുകളിലെ പ്രതികള്‍ തുടങ്ങിയവരും ചൈനീസ് നിരീക്ഷണത്തിലാണ്. പ്രധാനമന്ത്രിയുടേയും രാഷ്ട്രപതിയുടേയും കുടുംബാംഗങ്ങളും രത്തന്‍ ടാറ്റ, മുകേഷ് അംബാനി തുടങ്ങിയ വ്യവസായികളും ചൈനീസ് നിരീക്ഷണത്തിലാണ്.ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്നതിന് ഇടയിലാണ് ചൈനയുടെ വന്‍ നിരീക്ഷണം. ചൈനീസ് ഇന്റലിജന്‍സുമായും മിലിട്ടറി, സെക്യൂരിറ്റി ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന കമ്പനിയാണ് സെന്‍ഹുവ. ഓവര്‍സീസ് കീ ഇന്‍ഫര്‍മേഷന്‍ ഡാറ്റ ബേസില്‍ ആണ് ഇന്ത്യന്‍ വിവരങ്ങളുള്ളത്. ചൈന ഇത്തരത്തില്‍ കമ്പനികളിലൂടെയോ വ്യക്തികളിലൂടെയോ മറ്റ് രാജ്യങ്ങളിലെ വിവരങ്ങള്‍ തേടുന്നില്ല എന്നാണ് ചൈനീസ് എംബസിയുടെ വിശദീകരണം. അതേസമയം സെന്‍ഹുവ കമ്പനിയുടെ ക്ലൈന്റ് ആണോ ചൈനീസ് ഗവണ്‍മെന്റ് എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ എംബസി വൃത്തങ്ങള്‍ തയ്യാറായില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

Previous ArticleNext Article