Kerala

കര്‍ശന നിയന്ത്രണത്തില്‍ പാര്‍ലമെന്റ് വർഷകാല സമ്മേളനത്തിന് തുടക്കം;ചൈനീസ് പ്രകോപനവും കോവിഡ് പ്രതിസന്ധിയും ചര്‍ച്ചയാവും

keralanews parliament begins monsoon session under tight control chinese provocation and covid crisis discussed

ന്യൂഡൽഹി:കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തുടക്കമായി. അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും ഗായകന്‍ പണ്ഡിറ്റ് ജസ്‌രാജ്, മുന്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി അജിത് ജോഗി, മധ്യപ്രദേശ് ഗവര്‍ണറായിരുന്ന ലാല്‍ജി ടണ്ടന്‍, യു.പി മന്ത്രിമാരായിരുന്ന കമല്‍ റാണി, ചേതന്‍ ചൗഹാന്‍ മുന്‍ കേന്ദ്രമന്ത്രി രഘുവംഗശ പ്രസാദ് സിംഗ്, മറ്റ് അംഗങ്ങള്‍ക്കും ആദരവ് അര്‍പ്പിച്ചുകൊണ്ടാണ് ലോക്‌സഭ ചേരുന്നത്.ലോക്സഭ ഒരു മണിക്കൂർ നിർത്തിവെച്ച ശേഷം നടപടി ക്രമങ്ങളിലേക്ക് കടക്കും. നാഷണൽ കമ്മീഷൻ ഫോർ ഹോമിയോപതി ബിൽ, നാഷണൽ കമ്മീഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ ബിൽ എന്നിവ പാസാക്കും.പാർലമെന്റ് ചരിത്രത്തില്‍ ഇതുവരെ കാണാത്ത വർഷകാല സമ്മേളനമാണ് ഇത്തവണത്തേത്.സമ്മേളനത്തില്‍ രാജ്യസഭയുടെ ചോദ്യോത്തരവേളയും സ്വകാര്യബില്ലും ഉണ്ടായിരിക്കില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങള്‍. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് സമ്മേളനത്തില്‍ ഇപ്രാവശ്യം ചോദ്യോത്തരവേളയോ സ്വകാര്യ ബില്ലുകളോ പ്രമേയങ്ങളോ ഉണ്ടാകില്ലെന്ന് രാജ്യസഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വിജ്ഞാപനത്തിലും വ്യക്തമാക്കുന്നുണ്ട്. കോവിഡ് നിർദേശങ്ങള്‍ പാലിച്ച് സീറ്റുകള്‍ ക്രമീകരിച്ചിട്ടുള്ളതിനാല്‍ 9 മണി മുതല്‍ 1 മണി വരെ ലോക്സഭയും വൈകീട്ട് 3 മുതല്‍ 7 വരെ രാജ്യസഭയും ചേരും. ഇനിയുള്ള ദിവസങ്ങളില്‍ രാവിലെ രാജ്യസഭയും വൈകീട്ട് ലോക്സഭയുമായിരിക്കും.പാര്‍ലമെന്റില്‍ എല്ലാ സുപ്രധാന വിഷയങ്ങളിലും ചര്‍ച്ചകളും തീരുമാനങ്ങളുമുണ്ടാകുമെന്ന് സഭയിലേക്ക് പ്രവേശിക്കും മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. പ്രത്യേക സാഹചര്യത്തിലാണ് സഭ ചേരുന്നത്. ഒരുഭാഗത്ത് കൊറോണയും മറുഭാഗത്ത് ചുമതലകളുമുണ്ട്. ചുമതലകളുടെ മാര്‍ഗമാണ് നമ്മുടെ എം.പിമാര്‍ തെരഞ്ഞെടുത്തത്. അവരെ അഭിനന്ദിക്കും നന്ദിപറയുകയും ചെയ്യുന്നു. രാവിലെയും ഉച്ചകഴിഞ്ഞുമായി ലോക്‌സഭയും രാജ്യസഭയും ചേരും. ശനി, ഞായര്‍ അവധിയില്ലാതെ സഭ ചേരുകയാണ്. എല്ലാ അംഗങ്ങള്‍ക്കും അതിനോട് യോജിപ്പാണ്.മറ്റേതൊരു രാജ്യത്ത് എത്തുന്നതിനു മുന്‍പ് കൊറോണയ്‌ക്കെതിരെ ഫലപ്രദമായ വാക്‌സിന്‍ കൊണ്ടുവരാനാണ് നമ്മുടെ ശ്രമം. അതിനുള്ള പരിശ്രമത്തിലാണ് ശാസ്ത്രജ്ഞരും. എല്ലാവരേയും ഈ മഹാമാരിയില്‍ നിന്നു രക്ഷിക്കുകയാണ് ലക്ഷ്യം. രാജ്യം സൈന്യത്തിനു പിന്നില്‍ അടിയുറച്ചുനില്‍ക്കുമെന്ന ശക്തമായ സന്ദേശവും എല്ലാ അംഗങ്ങളും വ്യക്തമാക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മോഡി പറഞ്ഞു.

അതേസമയം, ഈസ്‌റ്റേണ്‍ ലഡാക്കില്‍ ചൈനയുടെ കടന്നുകയറ്റം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങളായ അധിര്‍ രഞ്ജന്‍ ചൗധരിയും കൊടിക്കുന്നില്‍ സുരേഷും അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. ലീഗ് അംഗങ്ങളും സമാനമായ വിഷയത്തില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. നീറ്റ് പരീക്ഷയിലുള്ള ആശങ്കഗയില്‍ 12 കുട്ടികള്‍ ജീവനൊടുക്കാനിടയായ സംഭവം ചര്‍ച്ച ചെയ്യണമെന്ന് ഡി.എം.കെയും സി.പി.എമ്മും നല്‍കിയ അടിയന്തര പ്രമേയ നോട്ടീസില്‍ ആവശ്യപ്പെടുന്നു.ഡൽഹി കലാപത്തിലെ കുറ്റപത്രത്തിൽ സീതാറാം യെച്ചൂരിയെ ഉൾപ്പെടുത്തിയതിൽ സിപിഎം പ്രതിഷേധിക്കും. എ എം ആരിഫ്, കെ കെ രാകേഷ് എന്നിവർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.സ്വർണക്കടത്ത് കേസ് വിശദാംശങ്ങള്‍ ധനമന്ത്രാലയത്തോട് കോണ്‍ഗ്രസ് എംപിമാർ ആരാഞ്ഞു.45 ബില്ലുകളും 2 ധനകാര്യ ഇനങ്ങളും അടക്കം 47 ഇനങ്ങളാണ് പരിഗണനയ്ക്ക് വരുന്നത്. ചോദ്യോത്തര വേള ഇല്ല. 30 മിനിട്ടാണ് ശൂന്യവേള. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ള എംപിമാർക്കേ സമ്മേളനത്തില്‍ പങ്കെടുക്കാനാകൂ.

Previous ArticleNext Article