തിരുവനന്തപുരം:ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇതോടെ കേരളത്തില്‍ നാല് ദിവസം കൂടി കനത്ത മഴ തുടരും.എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിൽ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാനിടയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്.കണ്ണൂരിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. കാസര്‍കോട് ജില്ലയില്‍ നാളെയും ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നാളെയും ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകലില്‍ തിങ്കളാഴ്ചയും യെല്ലോ അലര്‍ട്ടുണ്ട്.ശക്തമായ മഴ തുടരുന്നതിനാല്‍ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാകുവാനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അഥോറിറ്റി നിര്‍ദ്ദേശിച്ചു.കേരള തീരം,കര്‍ണ്ണാടക തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് യാതൊരു കാരണവശാലും ആരും കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.