കൊച്ചി:സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.വിദേശത്തുനിന്ന് നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങള്‍ എത്തിയതും വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മന്ത്രിയോട് ചോദിച്ചതെന്നാണ് വിവരം. സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികളുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹത്തോട് ചോദിച്ചതായാണ് സൂചന.ലോകം മുഴുവന്‍ എതിര്‍ത്താലും സത്യം ജയിക്കുമെന്നായിരുന്നു മന്ത്രി കെ. ടി ജലീന്റെ ഫെയ്സ്ബുക്കിലൂടെയുള്ള പ്രതികരണം.വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് മതഗ്രന്ഥങ്ങളും മറ്റും എത്തിച്ച സംഭവത്തില്‍ മന്ത്രി കെ. ടി ജലീലില്‍ നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മൊഴിയെടുക്കുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അതീവ രഹസ്യമായിട്ടായിരുന്നു ഉദ്യോഗസ്ഥരുടെ നീക്കം. കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ വെച്ചായിരുന്നില്ല ചോദ്യം ചെയ്യല്‍. ഇന്നലെ രാവിലെ ആരംഭിച്ച മൊഴിയെടുക്കല്‍ ഉച്ചവരെ നീണ്ടു. മതഗ്രന്ഥങ്ങള്‍ എന്ന പേരില്‍ സ്വര്‍ണം കടത്തിയിരുന്നോ, സ്വപ്നയുമായുള്ള പരിചയം എന്നതുള്‍പ്പെടെയുളള കാര്യങ്ങളാണ് ചോദിച്ചറിഞ്ഞത്. നയതന്ത്രകാര്യാലയങ്ങളില്‍ നിന്ന് അനുമതിയില്ലാതെ ഉപഹാരങ്ങള്‍ സ്വീകരിക്കരുതെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ചട്ടം.തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നയതന്ത്ര ബാഗേജ് വഴി എത്തിച്ച മതഗ്രന്ഥങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. കേന്ദ്രാനുമതിയില്ലാതെ മതഗ്രന്ഥങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാനോ വിതരണംചെയ്യാനോ കഴിയില്ലെന്നിരിക്കെയാണ് സംഭവം വിവാദമായത്. പാഴ്സലില്‍ മതഗ്രന്ഥങ്ങള്‍ തന്നെയാണോ ഉണ്ടായിരുന്നത് എന്നത് സംബന്ധിച്ചും സംശയങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നു.ഇതരരാജ്യത്തിന് ഇവിടെ മതഗ്രന്ഥങ്ങള്‍ വിതരണംചെയ്യാന്‍ വിദേശ-ആഭ്യന്തര മന്ത്രാലയങ്ങളിലേക്ക് വിവരമറിയിച്ച് മുന്‍കൂര്‍ അനുമതിതേടണം.കേരള സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിക്കുകയും വേണം. രണ്ടുവര്‍ഷത്തിനിടെ നയതന്ത്ര ബാഗേജുകള്‍ക്കൊന്നും യു.എ.ഇ. കോണ്‍സുലേറ്റിന് അനുമതി നല്‍കിയിട്ടില്ലെന്ന് പ്രോട്ടോകോള്‍ ഓഫീസര്‍ വ്യക്തമാക്കിയിരുന്നു.എന്നാൽ മതഗ്രന്ഥങ്ങള്‍ എല്ലാ വര്‍ഷവും യു.എ.ഇ. എംബസികളും കോണ്‍സുലേറ്റുകളും ലോകത്തെല്ലാ രാജ്യങ്ങളിലും റംസാനോടനുബന്ധിച്ച് വിതരണം ചെയ്യാറുള്ളതാണെന്നാണ് മന്ത്രി ജലീല്‍ പറയുന്നത്. വിതരണം ചെയ്യരുതെന്നാണ് കേന്ദ്ര നിലപാടെങ്കില്‍ അവ കോണ്‍സുലേറ്റിനെ തിരിച്ചേല്‍പ്പിക്കാന്‍ തയ്യാറാണെന്നും ജലീല്‍ വ്യക്തമാക്കിയിരുന്നു.ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും അതോടെ ഊഹാപോഹങ്ങളും ആരോപണവും അവസാനിക്കുമെന്നായിരുന്നു മന്ത്രി നേരത്തെ പ്രതികരിച്ചത്.